കോട്ടയം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പള്ളിയില്‍ വിജയക്കൊടി പാറിച്ച് എല്‍ഡിഎഫ്. കാല് നൂറ്റാണ്ടിനിടെ ആദ്യമായാണ് പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണം ഇടതുമുന്നണി പിടിച്ചെടുക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ സ്വന്തം പഞ്ചായത്തായ പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് പ്രതീക്ഷ വെച്ചിരുന്നു. കഴിഞ്ഞ തവണ മികച്ച മുന്നേറ്റം നടത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. പുതുപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ 9 സീറ്റ് നേടിയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്.
യുഡിഎഫിന്റെ ഏഴ് സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജയിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വാര്‍ഡില്‍ അടക്കം വോട്ടെണ്ണലിന്റെ തുടക്കത്തില്‍ യുഡിഎഫ് പുറകിലായിരുന്നു. ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതാണ് മുന്നണിയെ സഹായിച്ചത്.
18 സീറ്റുള്ള പഞ്ചായത്തില്‍ 7 സീറ്റുകളാണ് എല്‍ഡിഎഫ് കഴിഞ്ഞ തവണ നേടിയിരുന്നത്. അന്ന് 11 സീറ്റുകളാണ് യുഡിഎഫിനുണ്ടായിരുന്നത്. പുതുപ്പള്ളി, മീനടം, പാമ്പാടി, മണര്‍കാട്, അയര്‍കുന്നം, അകലക്കുന്നം, കൂരോപ്പട, വാകത്താനം എന്നിവയാണ്് നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും തട്ടകത്തില്‍ ഇടതു മുന്നണി ആധിപത്യം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ നിന്നുള്ള ഫലം വരുന്നത്. കോട്ടയത്തെ കോട്ടകളില്‍ ആകെ വലിയ ക്ഷീണമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിടുന്നത്.