പാലക്കാട്: പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. തെരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റി ബിജെപി നിലനിര്‍ത്തിയതിന് പിന്നാലെയായിരുന്നു ബിജെപി നേതാവിന്റെ ആഹ്ലാദപ്രതികരണം.
ഇവിടെ 29 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. യുഡിഎഫ് ഇവിടെ രണ്ടാം സ്ഥാനത്താണ്. 14 സീറ്റുകളാണ് യുഡിഎഫിന് നേടാനായത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പലാണ് ബിജെപി പാലക്കാട് പിടിച്ചെടുത്തത്. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ആദ്യ നഗരസഭയായിരുന്നു ഇത്.
രണ്ട് യുഡിഎഫ് വിമതരും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ത്ഥിയും ഇവിടെ വിജയിച്ചിട്ടുണ്ട്. ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സഹോദരന് കെ ഭാസ്കരന് തോറ്റു.
വാര്‍ഡില്‍ വിജയകൊടി നാട്ടിയതാകട്ടെ എല്‍ഡിഎഫും. 89 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ അസ്സയിനാര്‍ വിജയം ഉറപ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷെമീര്‍ നളന്ദയ്ക്ക് ലഭിച്ചതാകട്ടെ, 289 വോട്ടാണാണ്. 441 വോട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയത്.
നേരത്തെ തൃശ്ശൂരില്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും തോല്‍വി ഏറ്റുവാങ്ങിയിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും കൂടുതല്‍ പറയത്തക്ക ചലനമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ഭരണം പിടിക്കുമെന്ന് വെല്ലുവിളിച്ച പലയിടത്തും തോല്‍വി ഏറ്റുവാങ്ങി.