വടുവന്‍ചാല്‍ : മണ്ണ് നീക്കം ചെയ്യുന്നതിനിടെ പാറ അടര്‍ന്ന് ടിപ്പറിന് മുകളില്‍ വീണ് ഡ്രൈവര്‍ മരിച്ചു. മാനന്തവാടി പിലാക്കാവ് അടിവാരം തൈത്തറ സില്‍വസ്റ്റര്‍ (സില്‍വി-56) ആണ് മരിച്ചത്. കടച്ചികുന്ന് ക്വാറിയില്‍ മണ്ണുമാന്തി യന്ത്രംകൊണ്ട് മണ്ണെടുക്കുന്നതിനിടെ പാറ അടര്‍ന്ന് ടിപ്പറിനുമുകളില് പതിക്കുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. ടിപ്പറിനുള്ളില്‍ അകപ്പെട്ട ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പോലീസും പാറ പൊട്ടിച്ചുമാറ്റി നാലരയോടെയാണ് മൃതദേഹം പുറത്തെടുത്തത്.
നാലുമാസം മുമ്പ് കെ.എസ്.ആര്.ടി.സി.യില്‍ നിന്ന് വിരമിച്ച സില്‍വസ്റ്റര്‍ ഒരാഴ്ച മുമ്പാണ് കടച്ചിക്കുന്നിലെ ക്വാറിയില്‍ ജോലിക്കെത്തിയത്. ദീര്‍ഘകാലം കെ.എസ്.ആര്.ടി.സി. ഡ്രൈവറായി ജോലിചെയ്ത സില്‍വസ്റ്റര്‍ ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു.
മണ്ണുമാന്തി യന്ത്രങ്ങള്‍ മണ്ണെടുക്കുമ്പോള്‍ ടിപ്പര്‍ അടുത്തുനിര്‍ത്തി അതിനുള്ളില്‍ ഇരിക്കുകയായിരുന്നു ഇദ്ദേഹം. മണ്‍തിട്ടയില്‍ ഇരുപതടിയോളം ഉയരത്തിലുണ്ടായിരുന്ന ഭീമന് പാറ പെട്ടെന്ന് അടര്‍ന്ന് വീഴുകയായിരുന്നു. പാറവീണ് ടിപ്പറിന്റെ മുന്‍വശം തരിപ്പണമായി.
അതിനുള്ളില്‍ അകപ്പെട്ട സില്‍വസ്റ്ററിനെ മൂന്നരമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഭാര്യ ജോളി. മക്കള്‍: രചന, റെല്‍ജിന്‍. മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് അനുമതി നിഷേധിച്ച ക്വാറിയിലാണ് വെള്ളിയാഴ്ച ഒരാളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്.
കടച്ചിക്കുന്നിലേക്കുള്ള നീരുറവ തടസ്സപ്പെടുമെന്ന കാരണത്താലാണ് പഞ്ചായത്ത് അനുമതി നിഷേധിച്ചത്. കടച്ചിക്കുന്നിലെ സ്വകാര്യ തോട്ടത്തിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. അതിപരിസ്ഥിതിലോല പ്രദേശമായ കടച്ചിക്കുന്നിലെ നൂറുകണക്കിനാളുകളുടെ കുടിവെള്ളം, യാത്ര എന്നിവ തടസ്സപ്പെടുമെന്ന കാരണത്താലാണ് കഴിഞ്ഞവര്‍ഷം പഞ്ചായത്ത് അനുമതി നല്‍കാതിരുന്നത്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കടച്ചിക്കുന്നിലേക്കുള്ള വീതിയില്ലാത്ത റോഡിലൂടെ ടിപ്പറുകള്‍ ഓടുന്നത് യാത്രാ തടസ്സമുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് റോഡ് കൈയേറിയെന്ന കാരണം കാണിച്ച് പഞ്ചായത്ത് ക്വാറിക്ക് നല്കിയ സ്റ്റോപ്പ് മെമ്മോ ഇപ്പോഴും നിലവിലുണ്ടെന്ന് മുന്‍ സ്ഥിരംസമിതി ചെയര്മാന് യഹ്യാഖാന്‍ തലയ്ക്കല്‍ പറഞ്ഞു. ഇതിന് മറുപടി ലഭിച്ചിട്ടില്ല.