ശബരിമല: ഊന്നുവടിയുടെ സഹായത്താല്‍ ഒറ്റക്കാലില്‍ നടന്ന് ആന്ധ്രയില്‍ നിന്ന് നടന്ന് സന്നിധാനത്തെത്തി 45കാരന്. ആന്ധ്ര നെല്ലൂര്‍ സ്വദേശി സുരേഷ് ആണ് ഒറ്റക്കാലില്‍ 74 ദിവസം കൊണ്ട് നെല്ലൂരില്‍ നിന്നു കാല്‍നടയായി സന്നിധാനത്ത് എത്തി അയ്യപ്പ ദര്‍ശനം നടത്തിയത്.
സുരേഷ് 22 വര്‍ഷമായി മുടങ്ങാതെ അയ്യപ്പ ദര്‍ശനത്തിന് എത്തുന്നതാണ്. 10 വര്‍ഷം മുന്‍പ് ബൈക്ക് അപകടത്തില്‍ വലതുകാല്‍ മുട്ടിനു മുകളില്‍ മുറിക്കേണ്ടി വന്നു. അപകടത്തില്‍ നിന്നു ജീവന് തിരിച്ചു കിട്ടിയതിന് അയ്യപ്പനോടുളള വഴിപാടായിട്ടാണ് കാല്‍നടയായി ദര്‍ശനത്തിന് എത്തിയത്.
വെര്‍ച്വല്‍ ക്യു മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ശബരിമലയില്‍ ദര്‍ശനം ലഭിക്കൂ എന്ന് തിരുപ്പതിയില്‍ എത്തിയപ്പോഴാണ് അറിയുന്നത്.അവിടെ ബുക്ക് ചെയ്യാന്‍ നോക്കി. ബുക്കിങ് പൂര്‍ത്തിയായതിനാല്‍ നടന്നില്ല. എങ്കിലും നിരാശപ്പെട്ടില്ല.
അയ്യപ്പനെ മനസ്സില്‍ ധ്യാനിച്ചു കാല്‍നട യാത്ര തുടര്‍ന്നു. ഏതെങ്കിലും കാരണവശാല്‍ ബുക്കിങ് കിട്ടിയില്ലെങ്കില്‍ സന്നിധാനത്ത് എത്താന്‍ കഴിയാതെ വരുമോ എന്ന ആശങ്കയായിരുന്നു. നടന്ന് കമ്പത്ത് എത്തിയപ്പോഴാണ് തീര്‍ഥാടകരുടെ എണ്ണം തിങ്കള്‍ മുതല്‍ വെള്ളി വരെ രണ്ടായിരമായി ഉയര്‍ത്തിയത് അറിയുന്നത്.
അവിടെയുള്ള ഒരു ഭക്തന് വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തു നല്കി.നിലയ്ക്കല്‍ കോവിഡ് പരിശോധിച്ച് നെഗറ്റീവാണെന്ന് ഉറപ്പു വരുത്തി. വീണ്ടും നടന്നു. സന്നിധാനത്തില്‍ എത്തി അയ്യപ്പ ദര്‍ശനം നടത്തി. ഇത്തവണ ഇത്രയും ദൂരം നടന്ന് എത്തുന്ന ആദ്യത്തെ തീര്‍ഥാടകനാണ് സുരേഷ്.
ആന്ധ്രയിലെ നെല്ലൂരില്‍ നിന്ന് ചെന്നൈ, തിരുച്ചിറപ്പള്ളി, കമ്പം വഴി ശബരിമല വരെ കണക്കാക്കുന്ന ഏകദേശ ദൂരം 800 കിലോമീറ്ററിലേറെയാണ്.