തിരൂര്‍: തെങ്ങിനെ കുടുക്കി കെഎസ്ഇബിയുടെ വൈദ്യുത കമ്പികള്‍. കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ മൂലം സംഭവിച്ച തെറ്റിന് സ്വന്തം കയ്യില്‍ നിന്ന് പണം ചെലവഴിക്കേണ്ട ഗതികേടിലാണ് പൊന്മുണ്ടം ഓമച്ചപ്പുഴ ഊരോത്തേല് റസാഖ് ഹാജി ഇപ്പോള്‍.
റസാഖ് ഹാജിയുടെ പറമ്പിലെ തെങ്ങിന്റെ ഇരുവശത്തുകൂടിയുമാണ് വൈദ്യുത കമ്പി വലിച്ചത്. പൊന്മുണ്ടം വൈദ്യുതി ഭവനു കീഴിലാണ് സംഭവം. ഒരു വര്‍ഷം മുന്‍പ് ഇവിടെ കമ്പി പൊട്ടി വീണിരുന്നു. അന്ന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് ജീവനക്കാര്‍ വന്ന് കമ്പി കെട്ടിയതാണ്.
എന്നാല്‍ തെങ്ങ് ഇടയില്‍ പെട്ടത് ജീവനക്കാര്‍ ശ്രദ്ധിച്ചില്ല. അന്നു തുടങ്ങി വൈദ്യുതി ഓഫിസില്‍ കയറി ഇറങ്ങുകയാണ് റസാഖ് ഹാജി. വര്‍ഷങ്ങള്‍ക്കു മുന്‍പ് അടുത്തുള്ള 13 വീട്ടുകാര്‍ക്കു വൈദ്യുതി കിട്ടാന്‍ തന്റെ പറമ്പില്‍ കൂടി കമ്പി വലിക്കാന്‍ റസാഖ് ഹാജി സമ്മതം നല്‍കിയതാണ് ഇവിടെ വൈദ്യുത ലൈന്‍ വരാന്‍ കാരണം.
ഒട്ടേറെ തവണ പരാതിയുമായി സമീപിച്ചതോടെ 30000 രൂപ ചെലവിട്ടാല്‍ 3 പോസ്റ്റുകള്‍ ഇവിടെ സ്ഥാപിച്ച് പ്രശ്നം പരിഹരിച്ച് തരാമെന്നാണ് ഇയാളെ കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ഫ്യൂസ് ഊരി മാറ്റിയാണ് നിലവില്‍ തെങ്ങില്‍ കയറുന്നത്.
ശക്തമായ കാറ്റ് വീശിയാലോ, ഓലയോ തേങ്ങയോ വീണാലോ ഏത് നിമിഷവും അപകടം സംഭവിക്കാം. പ്രശ്നം പരിഹരിക്കാന്‍ കെഎസ്ഇബി തയാറാകാത്തതിനാല്‍ പരാതിയുമായി കലക്ടറെ സമീപിക്കാന്‍ ഒരുങ്ങുകയാണ് റസാഖ് ഹാജി.