കൊല്ലം: കൊല്ലം ജില്ലയില്‍ കൊവിഡിനെ തോല്‍പ്പിച്ച് വോട്ട് ചെയ്യാനെത്തിയത് മുന്നൂറിലേറെ പേര്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 408 പേരാണ് 7ന് ഉച്ചയ്ക്കു 3 മണിക്കു ശേഷം പോസിറ്റീവാകുകയോ പ്രാഥമിക സമ്പര്‍ക്കത്തിലാവുകയോ ചെയ്തത്.
ഇവരില്‍ ഭൂരിഭാഗം പേരും അതത് ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നു സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വോട്ടു ചെയ്യാന്‍ എത്തുകയായിരുന്നു. പിപിഇ കിറ്റ് ധരിച്ചാണ് കൊവിഡ് സ്ഥിരീകരിച്ചവര്‍ വോട്ടുചെയ്യാന്‍ എത്തിയത്. ഇവര്‍ക്കായി ബൂത്തുകളിലെ ഉദ്യോഗസ്ഥരും പിപിഇ കിറ്റ് ധരിച്ച് ഒരുങ്ങിയിരുന്നു.
ഇതിനൊപ്പം സ്പെഷല്‍ തപാല്‍ വോട്ടിലൂടെ ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 17360 പേര്‍കൂടി പങ്കാളികളാകും. നവംബര്‍ 29 മുതല്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണി വരെ കൊവിഡ് പോസിറ്റീവായവരും അവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നവരുമായ ആളുകളെയാണു പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.