ചാരുംമൂട്: കിടക്കവിട്ട് ഒരു വര്‍ഷത്തിന് ശേഷം ഷെരീഫ് പഴയ ജീവിതത്തിലേക്ക് തിരിച്ച് നടക്കുന്നു. ഒരേ കിടപ്പില്‍ നിന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് ഷെരീഫ് കാലൂന്നി നടക്കാന്‍ തുടങ്ങിയത്. വീട്ടില്‍വച്ചുണ്ടായ വീഴ്ചയെത്തുടര്‍ന്നാണ് ഇടുപ്പെല്ല് തകര്‍ന്ന് കോന്നി സ്വദേശിയായ ഷെരീഫ് (45)കിടപ്പിലായത്.
കറ്റാനം സെന്റ് തോമസ് മിഷന് ഹോസ്പിറ്റലിലെ ഒരു സംഘം ഡോക്ടര്‍മാരാണ് കട്ടിലില്‍ ജീവിതം ഒതുങ്ങിപ്പോവുമായിരുന്ന കോന്നി കുമ്മണ്ണൂര്‍ പള്ളിപടിഞ്ഞാറ്റതില്‍ ഷെരീഫിന്റെ ജീവിതം കൈപിടിച്ച് മുന്നോട്ട് നടത്തിയത്. ഒരു വര്‍ഷം മുന്‍പ് വീട്ടില്‍വച്ചുണ്ടായ വീഴ്ചയെത്തുടര്‍ന്നാണ് ഇടുപ്പെല്ല് തകര്‍ന്ന് കോന്നി സ്വദേശിയായ ഷെരീഫ് കിടപ്പിലായത്.
പല ആശുപത്രികളിലും പോയെങ്കിലും പുരോഗതിയുണ്ടായില്ലെന്ന് ഷെരീഫ് പറയുന്നു. പിന്നീട് കറ്റാനം സെന്റ് തോമസ് ഹോസ്പിറ്റലിലെ ഓര്‍ത്തോപീഡിക് സര്ജന് ഡോ.ജെറി മാത്യുവിനെ സമീപിച്ചു. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശസ്ത്രക്രിയ നടത്തി.
മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഷെരീഫിന്റെ ഇടുപ്പെല്ല് മാറ്റിവച്ചു. ഇതോടെ ആരോഗ്യത്തില്‍ പുരോഗതി കണ്ടു തുടങ്ങി. ഡോക്ടര്‍ ജെറിയെ കൂടാതെ ഡോ.സുരേഷ് കോശി, അനസ്തസിസ്റ്റ് ഡോക്ടര്‍ അശ്വനി എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. ഓടിച്ചാടി നടന്ന ആ പഴയ ജീവിതം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഷെരീഫ്.