കോഴിക്കോട്: ജില്ലയിലെ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റിന്റെ വിതരണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ആദ്യദിനം കൈമാറിയ പട്ടിക അനുസരിച്ച് 7909 പേര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് എത്തിക്കേണ്ടത്. എന്നാല്‍ ഇന്നലെ വരെ 2200 പേരുടെ പട്ടികയാണു തയാറാക്കിയത്.
ദുരന്ത നിവാരണ സെല്ലില്‍ നിന്നു വരണാധികാരികള്‍ക്ക് അയച്ചുകൊടുക്കുന്ന, സാക്ഷ്യപ്പെടുത്തിയ പട്ടിക പ്രകാരമാണ് ബാലറ്റ് വിതരണം നടത്തുന്നത്. അതേസമയം കൊവിഡ് ബാധിതരായ പലരും ആശുപത്രിയിലേക്കു മാറിയതിനാല്‍ വിലാസത്തില്‍ കണ്ടെത്താന്‍ കഴിയാത്തതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
സ്പെഷല്‍ പോളിങ് ഓഫിസര്‍, സ്പെഷല്‍ പോളിങ് അസിസ്റ്റന്റ്, ഒരു പോലീസ് ഉദ്യോഗസ്ഥന് എന്നിവരടങ്ങിയ ടീം കൊവിഡ് മാനദണ്ഡം പാലിച്ച് പിപിഇ കിറ്റ് ധരിച്ച് വീടുകളിലെത്തിയാണ് പ്രത്യേക ബാലറ്റ് വിതരണം നടത്തുന്നത്. ഇവര്‍ക്ക് പ്രത്യേകം വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. പോളിങ് ദിനത്തിന്റെ തലേന്ന് 13ന് വൈകീട്ട് മൂന്ന് മണി വരെയാണ് പ്രത്യേക പോസ്റ്റല്‍ ബാലറ്റ് വിതരണം. .