വടകര: അഴിയൂര്‍ പഞ്ചായത്തില്‍ ദേശീയ പാതയോരത്തെ തട്ടുകടകളിലും മറ്റും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി പിടികൂടി. മുക്കാളി ടൗണില്‍ താല്‍ക്കാലിക ഷെഡില്‍ പ്രവര്‍ത്തിക്കുന്ന ഷവര്‍മ സെന്ററില്‍ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി പിടികൂടിയത്. തുടര്‍ന്ന് അധികൃതര്‍ കട അടപ്പിച്ചു. ഉടമയ്ക്ക് നോട്ടിസും നല്കി.
പൊടിപടലങ്ങള്‍ കയറാതിരിക്കാന്‍ ഷവര്‍മ ബോക്സില്‍ ഗ്ലാസ് ഘടിപ്പിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു പരിശോധനാ സമയത്തു തന്നെ ഗ്ലാസ് സ്ഥാപിക്കാന്‍ നടപടിയും സ്വീകരിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പും പഞ്ചായത്തും സംയുക്തമായാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ദേശീയപാതയോരത്തെ പതിനൊന്ന് കടകളിലാണ് പരിശോധന നടത്തിയത്. തട്ടുകടകളില്‍ നിന്നു പഴകിയ എണ്ണ പിടികൂടി നശിപ്പിച്ചു. ശേഖരിച്ച കുടിവെള്ളത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് 3 ദിവസത്തിനുള്ളില്‍ ഹാജരാക്കാനും നിര്‍ദേശം നല്കി. അപാകത കണ്ട കടകള്‍ക്ക് നോട്ടിസും നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ നടക്കുന്ന പരിശോധനയില്‍ അപാകതകള്‍ കണ്ടാല്‍ കടകള്‍ അടച്ചു പൂട്ടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം തട്ടുകടകളില്‍ യാതൊരു കാരണവശാലും ഭക്ഷണം ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പാഴ്സല്‍ മാത്രം നല്കാന് നിര്‍ദേശം നല്കി. കൈയുറ ധരിക്കാതെയും കൂട്ടം കൂടി നിന്നുമുള്ള കച്ചവടവും അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. രാത്രികാല പരിശോധനയില്‍ ബേപ്പൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ ഡോ.ജോസഫ് കുര്യാക്കോസ്, കുറ്റ്യാടി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ പിജി ഉന്മേഷ്, അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറി ടിഷാഹുല്ഹമീദ്, ക്ലാര്‍ക്ക് സിഎച്ച് മുജീബ് റഹ്മാന് എന്നിവര്‍ പങ്കെടുത്തു.