സിനിമയെ വെല്ലുന്ന മനുഷ്യസ്നേഹത്തിന്റെ അപൂര്‍വ കഥയാണ് ജ്യോതിയുടേത്.ഇലക്ഷന് പ്രചാരണം ആരംഭിച്ചതിന് ശേഷമാണ് പാലക്കാട് ജില്ലയിലെ കൊല്ലങ്കോടു ബ്ലോക്ക് പഞ്ചായത്തിലേക്ക് പട്ടതലച്ചി ഡിവിഷനില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജ്യോതിയെ കുറിച്ച് കേരളക്കര കൂടുതല്‍ അറിയുന്നത്.
ഒമ്പതു വര്‍ഷം മുമ്പാണ് ഛത്തീസ്ഗഡ് സ്വദേശിനിയായ ജ്യോതി കേരളത്തിന്റെ മരുമകളായി എത്തിയത്. സിഐഎസ്എഫ് ജവാനായ പാലക്കാടു സ്വദേശി വികാസ് ആണ് ജ്യോതിയെ കൈപിടിച്ചു ജീവിതത്തിലേക്ക് ഒപ്പം കൂട്ടിയത്. ബസില്‍ കണ്ട അപരിചിതനായ ഒരാളുടെ ജീവന് രക്ഷിക്കാനായി ജ്യോതി നല്‍കിയത് സ്വന്തം കയ്യാണ്.
പിന്നീട് താന്‍ ജീവന് രക്ഷിച്ച അതേ ആള് സ്വന്തം ജീവിതത്തിലേക്ക് കയറിവന്നത് ജ്യോതിയുടെ ജീവിതത്തിലെ മറ്റൊരു അപൂര്‍വതയും. 2010 ജനുവരി മൂന്നിനാണ് ആ സംഭവം നടക്കുന്നത്. അന്ന് ഛത്തീസ്ഗഡ് ദുര്‍ഗിലെ മൈത്രി കോളജിലെ ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്നു ജ്യോതി.
ഹോസ്റ്റലില്‍ നിന്നു ബച്ചേലിയിലെ സ്വന്തം വീട്ടിലേക്ക് പോകാനായി ബസില്‍ യാത്ര തിരിച്ചു. അതേ ബസിലെ സഹയാത്രികനായിരുന്നു മലയാളി ജവാനായിരുന്ന വികാസ്. ബസിന്റെ ജനാലയ്ക്കരികെ തലചായ്ച്ചു നല്ല ഉറക്കത്തിലായിരുന്നു വികാസ്. പെട്ടെന്നാണ് എതിര്‍വശത്തു നിന്നും ഒരു ട്രാക്ടര്‍ നിയന്ത്രണം വിട്ടു ബസിന് നേരെ വന്നത്.
വികാസ് ഒഴികെ മറ്റെല്ലാവരും ഒരു വശത്തേക്കു മാറി രക്ഷപ്പെടാന്‍ ഓടി. വികാസ് ഇതൊന്നുമറിയാതെ മയക്കത്തില്‍ ആയിരുന്നു. തൊട്ടുപുറകില്‍ ഇരുന്ന ജ്യോതി സ്വന്തം കൈകള്‍ കൊണ്ട് വികാസിന്റെ തല തട്ടിമാറ്റിയത് പെട്ടെന്നായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ട്രാക്ടര്‍ ഇടിച്ചു ജ്യോതിയുടെ കൈപ്പത്തിയറ്റു വീണു. ഇതു കണ്ടുകൊണ്ടാണ് വികാസ് ഞെട്ടിയുണര്‍ന്നത്.
തന്നെ രക്ഷിക്കാന്‍ ശ്രമിച്ചാണ് ജ്യോതിയുടെ കൈ നഷ്ടമായതെന്നു വികാസ് മനസ്സിലാക്കി. വികാസ് ജ്യോതിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയിലും റായ്പൂരിലെ രാമകൃഷ്ണ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിലും വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും നിരാശയായിരുന്നു ഫലം.
തുന്നി ചേര്‍ക്കാനാകാതെ കൈ മുറിച്ചു കളയേണ്ടിവന്നു. ഇതിനിടെ ജ്യോതിയുടെ വീട്ടുകാര്‍ അവളെ കൈവിട്ടു. പരിചയമില്ലാത്ത ഒരാള്‍ക്കു വേണ്ടി സ്വന്തം ജീവിതം കളഞ്ഞ ജ്യോതിയെ അവര്‍ കുറ്റപ്പെടുത്തി. ഒടുവില്‍ ‘എന്റെ വലതുകൈയേക്കാള് വലുതല്ല ഒരു ജീവന്’ എന്നു പറഞ്ഞ ജ്യോതിയെ വികാസ് സ്വന്തം ജീവിതത്തില്‍ ഒപ്പം കൂട്ടി.
വികാസിന്റെ സ്നേഹത്തിനു മുന്നില്‍ തോറ്റ ജ്യോതി പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയായി. 2011 ഏപ്രില്‍ 13ന് പാലക്കാട് കൊടുമ്പ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വച്ചു ഇരുവരും വിവാഹിതരായി. ഇപ്പോള്‍ കോയമ്പത്തൂരിലാണ് വികാസിന്റെ ജോലി. ഇവര്‍ക്ക് എട്ടും നാലും വയസുള്ള രണ്ടു മക്കളുണ്ട്.