കോട്ടയം: മകന് ഓടിച്ചിരുന്ന ബൈക്കിലെ പിന്‍സീറ്റില്‍ നിന്നും തെറിച്ചുവീണ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കുടമാളൂര്‍ ഹൈസ്കൂള്‍ ജംക്ഷനു സമീപം തുണ്ടിപ്പറമ്പില്‍ ജോസഫ് തോമസിന്റെ (ടോമിച്ചന്) ഭാര്യ ഷൈനി തോമസ് (58) ആണു മരിച്ചത്.
കഴിഞ്ഞ 2നു രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്. രാവിലെ കുടമാളൂര്‍ പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷം മകന് ഡിനുവിനൊപ്പം ബൈക്കില്‍ വീട്ടിലേക്കു തിരികെ വരുന്ന വഴിയാണ് ഷൈനി അപകടത്തില്‍പ്പെട്ടത്. അമ്പാടിക്കവലയ്ക്കു സമീപത്തുവെച്ചായിരുന്നു അപകടം.
അമ്പാടിക്കവലയ്ക്കു സമീപം വളവിലെ കുഴിയില്‍ ചാടിയപ്പോള്‍ ഷൈനി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നുവെന്നാണു ഡിനു പറയുന്നത്. ഡിനു ഉടന്‍ ബൈക്ക് നിര്‍ത്തി ഗുരുതരമായി പരിക്കേറ്റ അമ്മയെ മറ്റൊരു വാഹനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
തലയ്ക്കേറ്റ പരുക്കു ഗുരുതരമായതോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഷൈനി ഇന്നലെ പുലര്‍ച്ചെ മരിച്ചു. മക്കള്‍: ഡാനി, ഡോണി, ഡിനു. മരുമക്കള്‍: ടീനു, അഞ്ചു.