ന്യൂഡല്‍ഹി: ബുറേവി ചുഴലിക്കാറ്റ് ഭീതിയിലായിരുന്നു രണ്ട് ദിവസങ്ങളിലായി കേരളം. എന്നാല്‍ ഇപ്പോള്‍ ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്നാട്ടില്‍ വച്ച് തന്നെ ന്യൂനമര്‍ദത്തിലെ കാറ്റിന്റെ വേഗത മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിമീ വേഗത മാത്രമായി മാറാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 6 മണിക്കൂറായി രാമനാഥപുരത്തിന് സമീപം തുടരുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 12 മണിക്കൂറില്‍ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി മാറുകയും ചെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.
ഇത് രാമനാഥപുരത്ത് നിന്ന് 40 കിമീ ദൂരത്തിലും, പാമ്പനില്‍ നിന്നും 70 കിമീ ദൂരത്തിലും, കന്യാകുമാരിയില്‍ നിന്ന് ഏകദേശം 160 കിമീ ദൂരത്തിലുമാണ്. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 50 മുതല്‍ 60 കിമീ വരെയും ചില അവസരങ്ങളില്‍ 70 കിമീ വരെയുമാണ്.
തുടര്‍ന്ന് രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലൂടെ പതുക്കെ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശേഷമുള്ള 24 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദം കൂടുതല്‍ ദുര്‍ബലമായി ഒരു ന്യൂനമര്‍ദമായി മാറുമെന്നാണ് പ്രവചനം. കേരളത്തിനുള്ള മുന്നറിയിപ്പ്
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന് പ്രകാരം അതിതീവ്ര ന്യൂനമര്‍ദം അടുത്ത 36 മണിക്കൂറില്‍ കൂടുതല്‍ ദുര്‍ബലമാകും.
അതേസമയം, കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. ഇന്ന് രാത്രി മുതല്‍ 12 മണിക്കൂര്‍ നേരത്തേക്ക് തെക്കന്‍ കേരളത്തില്‍ മണിക്കൂറില്‍ ഏകദേശം 35 മുതല്‍ 45 വരെ കിമീ വേഗതയുള്ള കാറ്റ് ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.