ചേലക്കര: കിണറ്റില്‍ വീണ ഒമ്പതുവയസ്സുകാരനെ സമയോജിതമായ ഇടപെടലിലൂടെ രക്ഷിച്ച് നാട്ടുകാരുടെ സൂപ്പര്‍മാന്‍മാരായി 17കാരനും അനുജനും. 30 അടി താഴ്ചയുള്ള ഉപയോഗ ശൂന്യമായ കിണറ്റിലേക്ക് വീണ ബെസലേലിനെയാണ് ബേസില്‍ മാത്യു, അനുജന് ബെസ്റ്റോ (14) എന്നിവര്‍ ചേര്‍ന്ന് രക്ഷിച്ച് കരയ്ക്കുകയറ്റിയത്.
വീട്ടിലേക്ക് നടക്കുന്നതിനിടെ തേങ്ങ വീഴുന്നതു കണ്ടു തെങ്ങിന് മുകളിലേക്കു നോക്കിയപ്പോഴാണ് ബെസലേല്‍ 30 അടി താഴ്ചയുള്ള ഉപയോഗ ശൂന്യമായ കിണറ്റിലേക്ക് വീണത്.20 അടിയോളം ആഴത്തില്‍ വെള്ളമുള്ളതും പാമ്പുകളുള്ളതുമായ കാടു പിടിച്ചു കിടക്കുന്ന കിണറ്റിലേക്കാണ് ബെസലേല്‍ വീണത്.
വെള്ളത്തിലേക്ക് എന്തോ വീഴുന്നത് പോലെ ശബ്ദം കേട്ട് വീട്ടിനകത്തു നിന്ന് ഓടിയെത്തിയ ബേസില്‍ മാത്യു കിണറ്റിനടുത്ത് വന്നുനോക്കി. കിണറ്റില്‍ ബെസലേലിനെ കണ്ടപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ എടുത്തുചാടി അവനെ വെള്ളത്തില്‍ നിന്നുയര്‍ത്തി.
അതിനിടെ ബേസിലിന്റെ അനുജന് ബെസ്റ്റോ ഓടിച്ചെന്ന് പ്ലാസ്റ്റിക് കാന്‍ എടുത്തു കിണറ്റിലേക്കിട്ടു കൊടുത്തു. ഇത്രയും നടന്നത് 3 മിനിറ്റിനുള്ളില്‍. കിണറ്റിലെ അപകടകരമായ അവസ്ഥ അറിയാമായിരുന്നിട്ടും ഒരു ജീവന് രക്ഷിക്കാനുള്ള ധൃതിയില്‍ ചേട്ടനും അനുജനും അതെല്ലാം മറന്നു.
ധൈര്യം കൈവിടാതെ കുട്ടികള്‍ ബെസലേലിനെ രക്ഷിക്കാന്‍ പരിശ്രമിച്ചു. 10 മിനിറ്റ് നേരം കാനില്‍ പിടിച്ചു മുങ്ങിത്താഴാതെ കിടന്ന ശേഷം, കിണറ്റിലേക്ക് ഇറക്കിയ കോണിയിലൂടെ ഇരുവരും കരയ്ക്കെത്തി. വട്ടുള്ളി നെല്ലിക്കല്‍ മത്തായിയുടെ മക്കള്‍ ബേസില്‍ മാത്യുവും (17) ബെസ്റ്റോയും (14) ആണു സമയോചിതമായ ഇടപെടലിലൂടെ സൂപ്പര്മാന്മാരായത്. കോയിക്ക മാളികയില്‍ ബാബുവിന്റെ മകനാണ് ബെസലേല്‍.