കല്പറ്റ: കല്പറ്റ മേഖലയില്‍ കുരങ്ങുകളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. എരഞ്ഞിവയല്‍, എമിലി, സിവില്‍ സ്റ്റേഷന് ഭാഗങ്ങളില്‍ കൂട്ടമായെത്തുന്ന കുരങ്ങുകള്‍ വന്‍ നാശമാണ് ഇവിടെ സൃഷ്ടിക്കുന്നത്. സെന്റ് ജോസഫ് സ്കൂളിന് സമീപം എരഞ്ഞിവയല്‍ ഭാഗത്ത് പകലും രാത്രിയും തമ്പടിക്കുന്ന കുരങ്ങുകള്‍ സമീപത്തുള്ള വീടുകളിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
കൂട്ടമായെത്തുന്ന വാനര സംഘം വീടുകളുടെ ഓടുകള്‍ ഇളക്കിയും കുടിവെള്ള ടാങ്കിലേക്കുള്ള പൈപ്പുകള്‍ പൊട്ടിച്ചും വലിയ നാശമുണ്ടാക്കുന്നതായാണ് നാട്ടുകാരുടെ പരാതി. ഇതിനു പുറമെ വീട്ടുമുറ്റത്തും പറമ്പിലും കൃഷി ചെയ്യുന്ന പച്ചക്കറികളും തേങ്ങയും കരിക്കുമെല്ലാം ഇവ നശിപ്പിക്കുകയാണ്.
കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ മുറ്റത്ത് അലക്കിയിടുന്ന വസ്ത്രങ്ങളും മറ്റും കേടുവരുത്തുകയും വാതില്‍ തുറന്നാല്‍ അകത്തു കയറിയും നാശമുണ്ടാക്കുകയാണ്. ഇതിനെതിരെ വനംവകുപ്പ് നേരത്തെ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും കുരങ്ങുകളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. നേരത്തെ വനംവകുപ്പ് കൂടുവെച്ച് പിടികൂടിയ കുരങ്ങുകളെ ഉള്‍വനത്തില്‍ വിട്ടെങ്കിലും അവ വീണ്ടും തിരിച്ചെത്തുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.