പയ്യന്നൂര്‍: പുഴകളില്‍ കൂട്ടത്തോടെ നീന്തുന്ന നീര്‍ക്കാക്കകള്‍ കൗതുകം നിറയ്ക്കുന്ന കാഴ്ചയാകുന്നു. എന്നാല്‍ ദുരിതം മത്സ്യതൊഴിലാളികള്‍ക്കാണ്. കാരണം മറ്റൊന്നുമല്ല, ആറ് കിലോ മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവര്‍ ഒന്നടങ്കം അകത്താക്കുന്നത്. മത്സ്യ സമ്പത്തിനെ പൂര്‍ണമായും ഇല്ലാതാക്കുകയാണ് ഇവ.
ഓരോ സംഘത്തിലും നൂറിലധികം പക്ഷികള്‍ ഉണ്ട്. ഇവ കൂട്ടത്തോടെ പുഴകളിലും കുളങ്ങളിലും ഇറങ്ങി അടിത്തട്ടില്‍ ചെന്ന് മത്സ്യം പിടിക്കുന്നു. 3 മുതല്‍ 6 കിലോ വരെ മത്സ്യക്കുഞ്ഞുങ്ങളെ ഇവ ഒരു ദിവസം തിന്ന് തീര്‍ക്കുന്നുണ്ട് എന്നാണ് കണക്ക്. അടുത്ത കാലത്താണ് കവ്വായി കായലിന്റെ ഭാഗമായ പുഴകളില്‍ ഇവ കൂട്ടത്തോടെ എത്തിയത്.
തമിഴ് നാട്ടിലും കര്‍ണാടകയിലും തണ്ണീര്‍ തടങ്ങളില്‍ കണ്ടുവരുന്ന നീര്‍ക്കാക്കകള്‍ അടുത്ത കാലത്താണ് കേരള തീരത്ത് പെരുകി വരാന്‍ തുടങ്ങിയത്. പുഴയോരങ്ങളോടു ചേര്‍ന്നുള്ള പട്ടണങ്ങളില്‍ ഇവ മരങ്ങളുടെ മുകളില്‍ കൂടുകൂട്ടി മുട്ട വിരിയിച്ച് പെരുകുന്നതാണ് തിരിച്ചടിയാകുന്നത്.