മാനന്തവാടി: കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ വയനാട് കുറുവ ദ്വീപിലെ ചങ്ങാട സവാരിക്കായി എത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടിയിരിക്കുകയാണ്. ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചങ്ങാട സവാരി ഒക്ടോബര്‍ 23നാണ് പുനഃരാരംഭിച്ചത്. ഇതിനോടകം 5550 പേരാണ് കുറുവ ദ്വീപില്‍ ചങ്ങാട സവാരി നടത്തിയത്. ഡിടിപിസിക്ക് വരുമാന ഇനത്തില്‍ 4 ലക്ഷത്തോളം രൂപയാണ് ലഭിച്ചത്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് അവധി ദിവസങ്ങളില്‍ കൂടുതലായി കുറുവ ദ്വീപിലെത്തുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. പോലീസും
ഇവിടെ പരിശോധന നടത്തുന്നുണ്ട്.
സഞ്ചാരികള്‍ക്കായി അഞ്ച് ചങ്ങാടങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 5 പേര്‍ക്ക് 300 രൂപയും 2 പേര്‍ക്ക് 150 രൂപയുമാണ് ഫീസ്. അതേസമയം ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വനം വകുപ്പിന്റെ കൈവശമുള്ള ദ്വീപിനകത്തേക്ക് പ്രവേശനം നല്‍കാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവ ദ്വീപ്. ചെറുതുരുത്തുകളിലായി 950 ഏക്കറില്‍ വൈവിധ്യമേറിയ സസ്യജീവിജാലങ്ങളാല്‍ സമൃദ്ധമാണ് ഈ പ്രദേശം. വേഴാമ്പലുകള്‍, തത്തകള്‍, വിവിധ തരം ചിത്രശലഭങ്ങള്‍ എന്നിവയുടെ ആവാസമേഖല കൂടിയാണിത്.