കൊട്ടിയം: ലോട്ടറി വില്പ്പനക്കാരന് വഴിയില്‍ കിടന്ന് കിട്ടിയ ലക്ഷങ്ങളടങ്ങിയ ബാഗ് ഉടമയ്ക്ക് തിരിച്ചുനല്‍കി കുളപ്പാടം സ്വദേശി ഷാജി. ലോട്ടറി കച്ചവടമാണ് ഷാജിയുടെ അന്നം. ലക്ഷങ്ങള്‍ കൈവന്നിട്ട് പോലും ഷാജിയുടെ കണ്ണ് മഞ്ഞളിച്ചില്ല. ഉടമയ്ക്ക് തുക തിരിച്ച് നല്‍കുകയും ചെയ്തു.
കുളപ്പാടം നൈപുണ്യ നിധി എന്ന സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ജിതിന്റെ ഒന്നരലക്ഷം രൂപയടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പുലിയില മെയിന്‍ ബ്രാഞ്ചില്‍നിന്ന് കുളപ്പാടത്തെ ബ്രാഞ്ചിലേക്ക് കൊണ്ടുവന്ന പണമടങ്ങിയ ബാഗാണ് യാത്രാമധ്യേ ബാഗ് നഷ്ടമാവുകയായിരുന്നു. ലോട്ടറി കച്ചവടത്തിനിടെയാണ് വഴിയില്‍നിന്ന് പണമടങ്ങിയ ബാഗ് ഷാജിക്ക് ലഭിച്ചത്.
തുടര്‍ന്ന് വാര്‍ഡ് മെമ്പറുടെയും സുഹൃത്ത് സജീറിന്റെയും സഹായത്തോടെ കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ഷാജി സ്റ്റേഷന് ഹൗസ് ഓഫീസര്‍ രഞ്ജിത്തിനെ ബാഗ് ഏല്‍പ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ബാഗ് നഷ്ടമായ ജിതിന് പോലീസ് സ്റ്റേഷനില്‍ എത്തിയത്. സജീറിന്റെ സാന്നിധ്യത്തില്‍ ബാഗ് ജിതിന് കൈമാറി. ജിതിന് നല്കിയ ഉപഹാരത്തിന് പകരം ലോട്ടറി ടിക്കറ്റുകള്‍ നല്‍കിയാണ് ഷാജി മടങ്ങിയത്. നന്മ മനസിന് നിറകൈയ്യടികളാണ് ഇപ്പോള്‍ ഷാജിക്ക് ലഭിക്കുന്നത്.