പെരിങ്ങോട്ടുകുറുശ്ശി: ഏത് പാര്‍ട്ടിയെന്ന് ഇല്ല, എല്ലാ പാര്‍ട്ടികളുടേയും ചുവരെഴുതും ഈ കൊച്ചുമിടുക്കന്. തെരഞ്ഞെടുപ്പ് കാലമായാല്‍ പിന്നെ ചുവരെഴുത്തിന്റെ തിരക്കിലാണ് പെരിങ്ങോട്ടുകുറുശ്ശി തോട്ടുമുക്ക് അനിയത്തക്കുണ്ട് അഹമ്മദ് കബീറിന്റെ മകനായ ബിന്‍ഷാദ്. ചുവരെഴുത്തുകാരെ കിട്ടാനില്ലാത്ത പാര്ട്ടികാര്ക്ക് ഈ കുഞ്ഞ് ആര്‍ട്ടിസ്റ്റ് ആശ്വാസം തന്നെയാണ്. പരുത്തിപ്പുള്ളി ബമ്മണൂര്‍ ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ബിന്‍ഷാദ് ഏഴാം ക്ലാസ് മുതല്‍ എഴുത്തിന്റെ ലോകത്തുണ്ട്.
ചെറുപ്പത്തിലേ കലയിലും ചിത്രരചനയിലും കഴിവുതെളിയിച്ച ഈ പതിനാലുകാരനെ എഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് ഡ്രോയിങ് അധ്യാപകനും ആര്‍ട്ടിസ്റ്റുമായ പരുത്തിപ്പുള്ളി കൃഷ്ണന്‍കുട്ടിയാണ്. നന്മകലാ കൂട്ടായ്മയുടെ കീഴില്‍ തരൂര്‍ മേഖലതലത്തില്‍ നടത്തിയ പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍ എന്നീ ഇനങ്ങളില്‍ ബിന്‍ഷാദ് ഒന്നാമതെത്തിയിരുന്നു. ഇനി തെരഞ്ഞെടുപ്പ് കഴിയുംവരെ ബിന്‍ഷാദിനും ഗുരു കൃഷ്ണന്‍കുട്ടിക്കും വിശ്രമമില്ലാത്ത നാളുകളാണ്.
അതേസമയം, ചുവരെഴുത്തുകാര്‍ക്ക് ഡിമാന്റ് ഏറുകയാണ്. പ്രത്യേകിച്ച് പഞ്ചായത്ത് ഇലക്ഷന് ആയതിനാല്‍ എല്ലാ വാര്‍ഡിലും പണിയുണ്ട്. ചുവരെഴുത്തിന് ആളെ കിട്ടാനില്ലാതെ സ്ഥാനാര്‍ത്ഥികള്‍ തന്നെ ബ്രഷും പെയിന്റും എടുത്ത് ഇറങ്ങിയിരിക്കുകയാണ്.
തൃക്കാക്കര നഗരസഭയിലെ 19-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയും ചുമരെഴുതുന്നതും ഒരാള്‍ തന്നെയാണ്. തൃക്കാക്കര നഗരസഭയില്‍ 19-ാം വാര്‍ഡ് തുതിയൂരില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി രേവതി അലക്സാണ് ചുമരെഴുത്തും സ്വന്തമായി ചെയ്യുന്നത്. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്നു ചിത്രകലയില്‍ ബിരുദം നേടിയ രേവതി ചിത്രകലാ അധ്യാപനത്തിനിടയിലാണ് സ്ഥാനാര്‍ത്ഥിയായത്.