തൃശൂര്‍: കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാന്‍ നിരവധി പേരാണ് മുന്നോട്ട് വന്നത്. വീട്ടുസാധനങ്ങളായും സാമ്പത്തികമായും സഹായങ്ങള്‍ ഓരോ കുടുംബങ്ങളിലും എത്തിയിരുന്നു. എന്നാല്‍ പെരുന്നാള്‍ ആഷോഷിക്കാന്‍ വിശ്വാസികളെ സഹായിച്ച് ശ്രദ്ധിക്കപ്പെടുകയാണ് തൃശൂര്‍ അതിരൂപതയിലെ ഒരു പള്ളി ഇടവക.
പതിവുപോലെ പെരുന്നാള്‍ കൊടിയേറ്റ ദിവസം പള്ളിക്കമ്മിറ്റിക്കാര് വീടുകളിലെത്തി പ്രിന്റുചെയ്ത പെരുന്നാള്‍ സപ്ലിമെന്റ് നല്കി. എന്നാല്‍ ഇത്തവണ ഒരു വ്യത്യാസം മാത്രം ഒപ്പം ഒരു കവറും ഉണ്ടായിരുന്നു. കവര്‍ ഒട്ടിച്ചതാണ്. തുറന്നു നോക്കിയപ്പോള്‍ ഉള്ളില്‍ 501രൂപ! ഒപ്പം പള്ളിവികാരിയുടെ പേരുപോലും വയ്ക്കാത്തൊരു കത്തും.
കോവിഡ് കാലമായതിനാല്‍ ആരെയും കാണാനോ ആഴത്തില്‍ പരിചയപ്പെടാനോ കഴിയാത്തതിന്റെ സങ്കടം അതിലെ വരികളിലുണ്ട്. പ്രാര്‍ഥിക്കുന്നുണ്ടെന്ന ഓര്‍മപ്പെടുത്തല്‍, ആത്മവിശ്വാസം നല്കുന്ന സന്ദേശം. തൃശൂര്‍ അതിരൂപതയിലെ കോലഴി സെന്റ് ബെനഡിക്ട് പള്ളി ഇടവകയിലാണ് ഈ വേറിട്ട തിരുനാള്‍ സന്ദേശം.
അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. കോവിഡ് കാലമായതിനാല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ ഇടവകയില്‍ ധാരാളമുണ്ടാകും. അതിനാല്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ പള്ളിയുടെ വക സമ്മാനമാണ് ഓരോ കുടുംബത്തിനും 501 രൂപ…! ഇതേക്കുറിച്ചു കൂടുതല്‍ സംസാരിക്കാന്‍ വികാരിയച്ചനും പള്ളിക്കമ്മിറ്റിക്കാരും തയ്യാറല്ല.
എന്തായാലും വിശ്വാസികളില്‍ ചിലര്‍ ഈ അനുഭവം ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു, ഈ നന്മയ്ക്ക് നാടെങ്ങും ലൈക്കും കമന്റും ഷെയറുമാണ്. കൊവിഡ് കാലത്ത് പല ഇടവകകളിലും ഇതുപോലെ പണവും ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തിരുന്നു.