നെടുമങ്ങാട്: അമ്മായിയമ്മയും മരുമകളും നേര്‍ക്കുനേര്‍ പൊരുതുന്ന കേട്ടുകേള്‍വിയേ നമുക്കുള്ളൂ. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി നെടുമങ്ങാട് അമ്മായിയമ്മയും മരുമകളും തെരഞ്ഞെടുപ്പില്‍ ഒരുമിച്ചു പൊരുതുകയാണ്. തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ഒരു കുടുംബത്തില്‍ നിന്നും രണ്ട് പേര് അതായത്, അമ്മയും മകന്റെ ഭാര്യയും സ്ഥാനാര്‍ത്ഥികളായാണ് ഇവര്‍ ശ്രദ്ധനേടുന്നത്.
നെടുമങ്ങാട് നഗരസഭയില്‍ പതിനാറാംകല്ല് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചുള്ളിമാനൂര്‍ ഐഎസ്ആര്‍ഒ ജംക്ഷന് തിരുവാതിരയില്‍ എന്‍ ഗീതാദേവിയാണ് അമ്മായിയമ്മ. മകന് എസ്ജി അനുരാഗിന്റെ ഭാര്യയാണ് ഉഴമലയ്ക്കല്‍ പഞ്ചായത്ത് പരുത്തിക്കുഴി വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കൃഷ്ണേന്ദു. ഗീതാദേവിയുടേത് രണ്ടാം അങ്കവും, കൃഷ്ണേന്ദുവിന്റേത് കന്നി അങ്കവുമാണ്. 2010ല്‍ പതിനാറാംകല്ല് വാര്‍ഡില്‍ നിന്ന് ഗീതാദേവി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരുന്നു.
അമ്മായിയമ്മയും മരുമകളും മാത്രമല്ല, ഭാര്യയും ഭര്‍ത്താവും, ജ്യേഷ്ഠാനുജന്മാരും ഇത്തവണ തെരഞ്ഞെടുപ്പ് അങ്കത്തട്ടില്‍ ഇറങ്ങുന്നുണ്ട്. കുറ്റിച്ചല്‍ പഞ്ചായത്തിലാണ് ഭര്‍ത്താവും ഭാര്യയും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. സിപിഎം സ്ഥാനാര്‍ഥികളാണ് ഇരുവരും. കുറ്റിച്ചല്‍ പഞ്ചായത്തിലെ പേഴുംമൂട് ഡിവിഷനില്‍ നിന്നും വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ഥി വി രമേശിന്റെ ഭാര്യ എംആര്‍ ദീപിക കുറ്റിച്ചല്‍ പഞ്ചായത്തിലെ ചോനംപാറ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയാണ്.
നെയ്യാറ്റിന്‍കരയില്‍ ജ്യേഷ്ഠാനുജന്മാര് ഒരേ അങ്കത്തട്ടിലാണ് മത്സരിക്കുന്നത്. ജ്യേഷ്ഠന് സിപിഎം അനിയന് കോണ്‍ഗ്രസ്. നഗരസഭയുടെ മരുതത്തൂര്‍ വാര്‍ഡിലാണ് ഈ അപൂര്‍വ സഹോദരങ്ങള്‍ ഏറ്റുമുട്ടുന്നത്. ചേട്ടന് പുരുഷോത്തമന്‍നായര്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ്. വിമുക്തഭടനായി മടങ്ങിയെത്തിയശേഷമാണ് അനിയന് എസ് സനല്‍കുമാര്‍ രാഷ്ട്രീയത്തിലേക്ക് കടന്നത്.