തൃശൂര്‍: വൈദ്യുതി കണക്ഷന് വിഛേദിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും കെഎസ്ഇബി അനങ്ങിയില്ല. പക്ഷെ കൃത്യമായി ഉപയോക്താവിന് ബില്ല് സമ്മാനിച്ചു. പറവട്ടാനി ചുങ്കം റോഡിലെ മേനക്കത്ത് പ്ലാസ കെട്ടിടത്തിലെ വൈദ്യുതിയാണ് ഉപഭോക്താവ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും കെഎസ്ഇബി വിഛേദിക്കാത്തത്. കുട്ടനെല്ലൂര്‍ മേനക്കത്ത് എംഎ ഹരിഹരനാണ് ഈ ദുരവസ്ഥ.
വൈദ്യുതി കണക്ഷന് വിഛേദിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രിക്കുവരെ കത്ത് നല്കി. എന്നിട്ടും വൈദ്യുതി ഒഴുക്ക് നിലച്ചില്ല. ഒപ്പം 30,000 രൂപയുടെ ഭീമമായ ബില്ലും എത്തി. പിഴയടക്കം 1.30 ലക്ഷം രൂപയാണ് ഹരിഹരന് ഇപ്പോള്‍ അടയ്ക്കേണ്ടത്.
ഇദ്ദേഹത്തിന്റെ കെട്ടിടത്തില്‍ വാടകയ്ക്കു പ്രവര്‍ത്തിക്കുന്ന സ്ഥാപനം കെഎസ്ഇബിയുടെ അനുമതിയില്ലാതെ മറ്റൊരു മുറിയിലേക്ക് അനുബന്ധ കണക്ഷന് വലിച്ചു. ഇത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് കണക്ഷന് വിഛേദിക്കാന്‍ ജൂലൈ അഞ്ചിന് അപേക്ഷ നല്‍കിയത്. ഈ കണക്ഷന് അപകടമുണ്ടാക്കിയാല്‍ ഉത്തരവാദിത്തമില്ലെന്നും ബോര്‍ഡിനെ അറിയിച്ചു.
എന്നാല്‍ കോവിഡ് കാലത്ത് വൈദ്യുതി വിഛേദിക്കാന്‍ പാടില്ലെന്നു നിര്‍ദേശമുണ്ടെന്നു പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ ഇതു നിരസിച്ചത്. ആ ഉത്തരവ് കോവിഡ് കാലത്ത് വൈദ്യുതി ബില്ല് അടയ്ക്കാന്‍ നിര്‍വാഹമില്ലാത്ത ഉപയോക്താക്കളെ സഹായിക്കാനാണെന്നും വൈദ്യുതി വിഛേദിക്കാന്‍ ബോര്‍ഡിനോട് ആവശ്യപ്പെടുന്നവര്‍ക്ക് ബാധകമല്ലെന്നും വ്യക്തമാക്കിയിട്ടും നടപടിയുണ്ടായില്ല. ഇടയ്ക്കൊരു ദിവസം കണക്ഷന് വിഛേദിച്ചെങ്കിലും പിറ്റേന്നു വീണ്ടും പുനഃസ്ഥാപിക്കുകയാണ് ഉണ്ടായത്.
അതേസമയം, ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് വൈദ്യുതി ഉപഭോക്താക്കള്‍ക്ക് അമിത ബില്ല് വരുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ബില്‍ തുകയുമായി ബന്ധപ്പെട്ട് ഇളവുകള്‍ വരുത്തിയിരുന്നു.