കൊച്ചി: അന്തരീക്ഷ മലിനീകരണം ഇല്ലാതെ പ്രകൃതി വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ബസ് ഇനി കേരളത്തിലും. മലിനീകരണം തടയുന്നത് ലക്ഷ്യമിട്ട് കൊച്ചി സ്മാര്‍ട്ട്ബസ് കണ്‍സോര്‍ഷ്യം ആണ് കേരളത്തിലെ ആദ്യത്തെ പ്രകൃതി വാതക ബസ് കൊച്ചിയില്‍ നിരത്തിലിറക്കിയിരിക്കുന്നത്. കൊച്ചി നഗരത്തില്‍ രണ്ട് ബസുകളാണ് സര്‍വീസ് തുടങ്ങിയത്.
വൈറ്റില-വൈറ്റില പെര്‍മിറ്റിലാണ് ബസ് സര്‍വീസ് നടത്തുന്നത്. കേരള മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി സിഇഒ ജാഫര്‍ മാലിക്ക് ആദ്യ പ്രകൃതിവാതക ബസിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. കെഎംആര്‍എല്ലുമായി ജെഡി ഐയില്‍ ഒപ്പു വെച്ച ഒരു കൂട്ടം സ്വകാര്യ ബസ് കമ്പനികളാണ് കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായിട്ടുള്ളത്.
ട്രയല്‍ റണ്‍ നേരത്തെ വിജയകരമായി നടത്തിയിരുന്നു. സിഎന്‍ജി റെട്രോ ഫിറ്റ്മെന്റിന് വിധേയമാകുന്ന ബസുകളില്‍ കൊച്ചി വണ്‍കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിംഗ് ഇക്കോസിസ്റ്റം, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഐഎസ് 140 വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ്, എമര്‍ജന്‍സി ബട്ടണുകള്‍, നീരീക്ഷണ ക്യാമറകള്‍, ലൈവ് സ്ട്രീമിംഗ്, വനിതാ ടിക്കറ്റ് ചെക്കിംഗ് ഇന്‍സ്പെക്ടര്‍മാര്‍, വണ്‍ ഡി ഓണ്‍ലൈന്‍ ടിക്കറ്റിംഗ് ആപ്പ് എന്നീ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ചെലവേറിയ ഡീസല്‍ എന്‍ജിനില്‍ നിന്ന് മാറ്റം, പ്രതിദിനം ഇന്ധന ചെലവില്‍ മാത്രം ആയിരം രൂപയിലധികം ലാഭം, വായു മലിനീകരണത്തിന് പരിഹാരം എന്നിവയാണ് സ്മാര്‍ട്ട് ബസിന്റെ നേട്ടങ്ങള്‍. നിക്ഷേപം കൂടുതലാണെങ്കിലും സിഎന്‍ജി ബസുകള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ വലിയ ലാഭമുണ്ടാക്കും എന്ന് വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത് ജാഫര്‍ മാലിക് പറഞ്ഞു. നാലു ലക്ഷം രൂപയാണ് ഒരു ബസ് ഡീസല്‍ എന്‍ജിനില്‍ നിന്ന് സിഎന്‍ജിയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വേണ്ടി വരുന്ന ചിലവ്.
പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഹൈഡ്രോകാര്‍ബണ്‍ വാതകമിശ്രിതത്തെ പൊതുവില്‍ പറയുന്ന പേരാണ് പ്രകൃതി വാതകം. മീഥെയ്ന്‍ ആണ് ഭൂരിഭാഗവും അടങ്ങിയിട്ടുള്ളത്. ഇതുകൂടാതെ കാര്‍ബണ്‍ ഡയോക്സൈഡ്, നൈട്രജന്‍, ഹൈഡ്രജന്‍ സള്‍ഫൈഡ് തുടങ്ങിയ വാതകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. നല്ലൊരു ഇന്ധനമാണ് പ്രകൃതിവാതകം.