ചെങ്ങന്നൂര്‍: മതില് കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ചെങ്ങന്നൂരില്‍ വയോധിക സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. വീടിനു സമീപത്തെ തോട്ടത്തില്‍ മതില് കെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെയാണ് ആലാ പെണ്ണുക്കര വായേത്ത് ലിസാമ്മ (72) സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. ലിസാമ്മയുടെ വീടിനു സമീപത്തെ റബര്‍തോട്ടത്തില്‍ മതില് കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് വഴക്കുണ്ടായത്. പൊള്ളലോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
തര്‍ക്കമുണ്ടായ സ്ഥലത്തുകൂടി ലിസാമ്മയുടെ വീട്ടിലേക്ക് വഴി ഉപയോഗിക്കുന്നതു സംബന്ധിച്ച് കേസുണ്ടായിരുന്നുവെന്നും 2019ലെ കോടതിവിധി വസ്തു ഉടമയ്ക്ക് അനുകൂലമായിരുന്നുവെന്നും പോലീസ് പറയുന്നു. മുന്‍പ് മുള്ളുവേലി ഇട്ടിരുന്ന ഈ സ്ഥലത്ത് മതില് കെട്ടുന്നതിനിടെയായിരുന്നു സംഭവം. ഭിന്നശേഷിക്കാരനായ മകനോടൊപ്പമാണ് ലിസാമ്മ താമസിച്ചിരുന്നത്.
വസ്തുവിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിരവധിയാണ് ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ തിരുവനന്തപുരത്ത് വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ഇളയ സഹോദരന്റെ വീടാക്രമിക്കാന്‍ മൂത്ത സഹോദരന് ക്വട്ടേഷന്‍ നല്‍കുകയും തുടര്‍ന്ന് പട്ടാപ്പകല്‍ വീടിന്റെ മതില് തകര്‍ത്ത ഗുണ്ടകള്‍ അകത്തുകയറി വീട്ടുകാരെ ആക്രമിക്കുകയും ചെയ്തിരുന്നു. വസ്തുവിന്റെ പേരില്‍ രക്തബന്ധങ്ങളെ മറന്നാണ് മലയാളികള്‍ പ്രവര്‍ത്തിക്കുന്നത്.