കൊച്ചി: കൊച്ചിയുടെ മുഖം വികൃതമാക്കുന്ന ഓടകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ 2017ല്‍ ഓടയില്‍ വീണ യുവതിക്ക് കോര്പ്പറേഷന് നഷ്ടപരിഹാരം അനുവദിച്ചു. സ്ലാബില്ലാത്ത ഓടയില്‍ വീണ് പരിക്കേറ്റ ഐടി വിദഗ്ദ്ധയായ യുവതിക്കാണ് കൊച്ചി കോര്പ്പറേഷന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചത്. കൊച്ചി ജോസ് ജംഗ്ഷനിലാണ് സംഭവം. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2017 ജൂലായ് 13ന് രാത്രിയില്‍ ഷോപ്പിംഗിനുശേഷം ഭര്‍ത്താവിനൊപ്പം വടുതലയിലെ വീട്ടിലേക്ക് മടങ്ങാന്‍ കാറിനടുത്തേക്ക് നടക്കുന്നതിനിടയിലാണ് യുവതിക്ക് അപകടം സംഭവിച്ചത്. ഓടയിലേക്ക് വീണ യുവതിയെ ഭര്‍ത്താവ് രക്ഷിച്ചെങ്കിലും വാനിറ്റി ബാഗും അതിലുണ്ടായിരുന്ന പണവും ഓടയിലൂടെ ഒഴുകിപ്പോവുകയുണ്ടായിരുന്നു. കണ്ണുകള്‍ക്ക് നീറ്റലും കണങ്കാലുകള്‍ക്കും പരിക്കുണ്ടായി. തൊട്ടടുത്ത ഹോട്ടലില്‍ മുറിയെടുത്ത് പുതിയ വസ്ത്രങ്ങള്‍ വാങ്ങി മാറിയതിനു ശേഷമാണ് അവര്‍ വീട്ടിലേക്ക് മടങ്ങിയത്.
ആറാഴ്ചയ്ക്കകം തുക അനുവദിക്കണമെന്ന് കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ജൂണ്‍ 24ന് കോര്പ്പറേഷന് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സ്ലാബില്ലാതെ ഓട തുറന്നുകിടന്നതു കാരണമാണ് പരാതിക്കാരി വീഴാനിടയായതെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി.
അതേസമയം, കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം വെള്ളക്കെട്ടൊഴിവാക്കുന്നതിനായി നടപ്പിലാക്കുന്ന ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഓട നവീകരണം, തോടുവൃത്തിയാക്കാല് തുടങ്ങി കൊച്ചി നഗരത്തിന്റെ വിവിധ മേഖലകളിലായി 25 കോടി രൂപയാണ് ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ ഭാഗമായി ചിലവഴിച്ചത്.