ന്യൂഡല്‍ഹി: ഐഎസ്ഐ ഗുണനിലവാരമില്ലാത്ത ഇരുചക്രവാഹന ഹെല്‍മെറ്റുകള്‍ നിര്‍മ്മിക്കുന്നതും സൂക്ഷിക്കുന്നതും വില്‍ക്കുന്നതും ഇനി വാറന്റില്ലാത്ത ക്രിമിനല്‍ കുറ്റം. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഇന്ത്യന്‍ ഗുണനിലവാര മാനദണ്ഡമില്ലാത്ത ഹെല്‍മെറ്റ് നിര്‍മ്മിച്ചാല്‍ രണ്ടുവര്‍ഷം തടവും കുറഞ്ഞത് രണ്ടുലക്ഷം രൂപ പിഴയുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഇതോടെ യൂറോപ്യന്‍, യുഎസ് ഗുണനിലവാരത്തിലുള്ള ഹെല്‍മെറ്റ് ഇന്ത്യയില്‍ വില്‍ക്കുന്ന അന്താരാഷ്ട്ര കമ്പനികള്‍ക്കും ഇന്ത്യന്‍ ഗുണനിലവാര മാനദണ്ഡം നിര്‍ബന്ധമായി. ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ്) മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന സാക്ഷ്യപ്പെടുത്തലാണ് ഐ.എസ്.ഐ. മുദ്ര. ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഐഎസ്ഐ ഗുണനിലവാരമുള്ള ഹെല്‍മെറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിലവിലെ നിയമം.