കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനു മുകളില്‍ തമിഴ്നാട് പൊതുമരാമത്തുവകുപ്പ് വാഹനങ്ങള്‍ കയറ്റിയതു വിവാദമാകുന്നു. അണക്കെട്ട് ബലവത്താണെന്നു വരുത്തിത്തീര്‍ക്കുന്നതിനു തമിഴ്നാട് നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്ന് ആരോപണമുണ്ട്. നാലു ജീപ്പുകളാണു തമിഴ്നാട് പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാന അണക്കെട്ടിനു മുകളില്‍ എത്തിച്ചത്.
ജസ്റ്റിസ് ആനന്ദ് ചെയര്‍മാനായിരുന്ന ഉന്നതാധികാര സമിതിയുടെ പരിശോധനാവേളയില്‍ തമിഴ്നാട് ഇത്തരം നീക്കം നടത്തിയെങ്കിലും സമിതി വിയോജിപ്പു പ്രകടിപ്പിച്ചതിനാല്‍ അന്ന് ഒഴിവാക്കുകയായിരുന്നു. ജീപ്പുകള്‍ അണക്കെട്ടിന്റെ മധ്യഭാഗത്ത് എത്തിച്ച് ഇവിടെനിന്നു വാഹനത്തില്‍ കയറ്റിയാണു മേല്‍നോട്ട സമിതി അംഗങ്ങളെ അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ള ഗാലറിയില്‍ പരിശോധനയ്ക്കായി എത്തിച്ചത്.
തമിഴ്നാട് ഒരുമാസത്തിനകം മാര്‍ഗരേഖ നല്‍കണം
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ ഷട്ടറുകളുടെ പ്രവര്‍ത്തന മാര്‍ഗരേഖ (ഓപ്പറേറ്റിങ് മാനുവല്‍) അടിയന്തരമായി സമര്‍പ്പിക്കണമെന്ന് മേല്‍നോട്ട സമിതി തമിഴ്നാടിനു നിര്‍ദേശം നല്കി. ഇന്നലെ കുമളിയില്‍ മുല്ലപ്പെരിയാര്‍ ഓഫിസില്‍ നടന്ന യോഗത്തിലാണ് ചെയര്മാന് ഗുല്‍ഷന്‍രാജ് നിര്‍ദേശം നല്‍കിയത്.