തൃശൂര്‍: ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍ പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് വനംവകുപ്പ് മന്ത്രി കെ രാജു. മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കാട്ടു തീ നിയന്ത്രിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊറ്റമ്പത്തൂര്‍ ഇല്ലിക്കുണ്ട് വനമേഖലയില്‍ കാട്ടുതീ കെടുത്തുന്നതിനിടെയാണ് മൂന്ന് ഫോറസ്റ്റ് വാച്ചര്‍മാര്‍ വെന്തുമരിച്ചത്. ട്രൈബല്‍ വാച്ചര്‍ പെരിങ്ങല്‍ക്കുത്ത് വാഴച്ചാല്‍ ആദിവാസി കോളനിയിലെ കെയു ദിവാകരന് (43), താത്കാലിക ജീവനക്കാരന് കൊടുമ്പ് എടവണ വളപ്പില്‍ വീട്ടില്‍ വേലായുധന് (54), കൊടുമ്പ് വട്ടപ്പറമ്പില്‍ വീട്ടില്‍ ശങ്കരന് (48) എന്നിവരാണു മരിച്ചത്.
കൊറ്റമ്പത്തൂരില്‍ കഴിഞ്ഞ രണ്ടു ദിവസമായി അടിക്കാടിനു തീപിടിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. വൈകുന്നേരം നാലോടുകൂടി കാറ്റ് ദിശമാറി വീശിയതോടെ തീയണച്ചുകൊണ്ടിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നിന്ന ഭാഗത്തേക്ക് തീ ആളിപ്പടരുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണു ഇവര്‍ തീയില്‍പ്പെട്ടു മരിച്ചത്.