കൊച്ചി: പൗരത്വ രജിസ്റ്ററോ പൗരത്വ ഭേദഗതി നിയമമോ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചി കൃതി പുസ്തകോത്സവത്തില്‍ പങ്കെടുത്തു സംസാരിക്കവേയാണ് മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് ആര്‍ത്തിച്ചത്.
പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ല. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള എനുമറേഷന്‍ നടപടികളോടും സംസ്ഥാനം സഹകരിക്കില്ല. വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിക്കാനുള്ള തടങ്കല്‍ പാളയങ്ങള്‍ കേരളത്തില്‍ നിര്‍മ്മിക്കില്ല. എന്നാല്‍ സെന്‍സസ് നടപടികളുമായി സഹകരിക്കാന്‍ തയ്യാറാണ്- മുഖ്യമന്ത്രി പറഞ്ഞു.
ഉണ്ടായ കാലം മുതല്‍ സ്വാതന്ത്ര്യസമരത്തെ ദുര്‍ബലപ്പെടുത്താനാണ് ആര്‍എസ്എസ് ശ്രമിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയും മതനിരപേക്ഷതയും ആര്‍എസ്എസ് തകര്‍ക്കുകയാണ്. സ്വാതന്ത്രത്തിന് ശേഷം മതനിരപേക്ഷതയെ ആര്‍എസ്എസ് എതിര്‍ത്തു. പരസ്യമായി തന്നെ തങ്ങളുടെ മതവെറി അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസ് ഭാരതീയസംസ്കാരമല്ല പിന്തുടരുന്നത്. മതാധിഷ്ടിത നിലപാടാണ്് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷത തകര്‍ക്കുന്ന ആര്‍എസ്എസ് നിലപാടിനെതിരെ യോജിച്ച പ്രതികരമാണ് ഉണ്ടാക്കേണ്ടത്. എന്നാല്‍ ഇവിടെ ചിലര്‍ക്ക് യോജിച്ചുള്ള പ്രക്ഷോഭം പിടിക്കാതെ വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ പ്രാക്ഷോഭം സംഘടിപ്പിക്കേണ്ടതുണ്ട്. ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ എല്ലാവരും ഒന്നിച്ചു നില്ക്കുക തന്നെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍എസ്എസ് പറയുന്നത്, മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകാര്‍ എന്നിവരാണ് ആഭ്യന്തര ശത്രുക്കള്‍ എന്നാണ്.
ഇതൊക്കെ ഹിറ്റ്ലറുടെ വാക്കുകളും നയങ്ങളുമാണ്. അങ്ങനെയുള്ള ആര്‍എസ്എസിന്റെ നയങ്ങളാണ് മോഡി സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിന്റെ ഭാഗമായാണ് മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.