കല്‍പ്പറ്റ: വയനാട്- മൈസൂര്‍ ദേശീയ പാത പൂര്‍ണ്ണമായും അടയ്ക്കാനുള്ള നീക്കത്തിനെതിരെ വയനാട്ടില്‍ സമരം ശക്തമാകുന്നു. ബത്തേരിയില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നു. അതേസമയം, ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നാലുപേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
അഞ്ച് യുവജന സംഘടനകളില്‍ നിന്നായി ഒരേ സമയം അഞ്ച് പേരാണ് നിരാഹാരം ഇരിക്കുന്നത്. ഒപ്പം ഇവര്‍ക്ക് പിന്തുണ നല്കി മറ്റ് സന്നദ്ധ സംഘനകളുടെ പ്രതിനിധികളും നിരാഹാരം ഇരിക്കുന്നുണ്ട്.
പത്ത് വര്‍ഷമായി രാത്രി യാത്ര നിരോധനം തുടരുന്ന വയനാട് കൊല്ലഗല്‍ ദേശീയ പാതയില്‍ പകല്‍ സമയത്തും നിയന്ത്രണം കൊണ്ട് വരാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായം തേടിയിരിക്കുകയാണ്. കാര്യക്ഷമമായ ബദല്‍ മാര്‍ഗമില്ലാതെ നിരോധനം നിലവില്‍ വന്നാല്‍ വയനാട് തീര്‍ത്തും ഒറ്റപ്പെടും. ഈ സാഹചര്യത്തിലാണ് വയനാട്ടില്‍ സമരം ശക്തമാവുന്നത്.