കൊച്ചി: മഹാരാജാസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് നല്കാന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് രണ്ടാം പ്രതി ജിസാല്‍ റസാഖ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ദൃശ്യങ്ങള്‍ നല്‍കണമെന്ന ആവശ്യം തള്ളിയ കീഴ്ക്കോടതി വിധിക്കെതിരെയാണ് പ്രതി ജിസാല്‍ റസാഖ് കോടതിയെ സമീപിച്ചത്. എസ്ആര്‍വി ക്രോസ് റോഡിലെ സിലോണ്‍ ബേക്ക് ഹൗസ്, പെട്രോള്‍ പമ്പ്, കോര്‍പറേറ്റ് എഡ്യുക്കേറ്റര്‍ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ ചിലതില്‍ അക്രമികളുടെ ദൃശ്യങ്ങളുമുണ്ട്. ഇതിന്റെ പകര്‍പ്പ് വേണമെന്നായിരുന്നു ജിസാല്‍ ആവശ്യപ്പെട്ടത്. പ്രതിയുടെ ആവശ്യം അംഗീകരിച്ച കോടതി ദൃശ്യങ്ങള്‍ നല്കാന് നിര്‍ദേശിക്കുകയായിരുന്നു.
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ അഭിമന്യു കോളേജിന് പിന്‍ഭാഗത്തെ റോഡിന് സമീപം കുത്തേറ്റ് വീണത്. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്എഫ്ഐയുടെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയിലായിരുന്നു കൊലപാതകം. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് ആണ് കേസിലെ ഒന്നാം പ്രതി. മുഹമ്മദ് ഗൂാഢലോചന നടത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് കുറ്റപത്രം.