വയനാട്: അമ്പലവയലില്‍ യുവതിയേയും യുവാവിനേയും നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ച കേസിലെ പ്രതി സജീവാന്ദിനെതിരെ ബലാത്സംഗ ശ്രമത്തിനടക്കം പോലീസ് കേസെടുത്തു. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
രണ്ടു പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തു. യുവതിയേയും യുവാവിനേയും ലോഡ്ജില്‍ ശല്യം ചെയ്ത പ്രദേശ വാസികള്ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. യുവതി പോലീസിനോട് പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ആണ് പ്രതി സജീവാനന്ദനെതിരെ ചുമത്തിയത്.
ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും അമ്പലവയലില്‍ എത്തി ഒരു ലോഡ്ജില്‍ താമസിക്കുമ്പോള്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കൂടിയായ സജീവാനന്ദന് ഇവരുടെ മുറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ഇരുവരോടും ഇയാള്‍ അപമര്യാദയായി പെരുമാറി. ഇതിനെ അവര്‍ എതിര്‍ത്തതോടെ ബഹളമായി.
ലോഡ്ജ് ജീവനക്കാരോട് സജീവാനന്ദന് രണ്ട് പേരെയും ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നമായപ്പോള്‍ ഒതുക്കാന്‍ ഇരുവരെയും ലോഡ്ജ് ജീവനക്കാര്‍ പുറത്താക്കി. ഇതിന് ശേഷം സജീവാനന്ദന് ഇവരെ പിന്തുടര്ന്ന് അമ്പലവയല്‍ ടൗണില്‍ വച്ച് ആക്രമിക്കുകയായിരുന്നെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയത്.