റോഡപകടങ്ങള്‍ പതിവായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അപകടമൊഴിവാക്കാന്‍ ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവര്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും പലരും അനുസരിക്കാത്ത അവസ്ഥയാണ്. ഹെല്‍മെറ്റ് വയ്ക്കാതെയും ശരിയായ രീതിയില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന്റെയും കാരണത്താലാണ് ഇരുചക്രവാഹനാപകടങ്ങളില്‍ കൂടുതലും മരണങ്ങള് സംഭവിക്കുന്നത്.
ശരിയായ രീതിയില്‍ ഹെല്‍മെറ്റ് ധരിക്കുകയാണെങ്കില്‍ വാഹനാപകടങ്ങളില്‍ നിന്നും രക്ഷപ്പെടാമെന്ന് കേരള പോലീസ് വ്യക്തമാക്കുന്നു. ഏറെ രസകരമായ ട്രോളുകളിലൂടെ കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ ടീമാണ് ഇക്കാര്യം ജനങ്ങളിലേക്ക് എത്തിച്ചത്.
ഹെല്‍മെറ്റ് ഉപയോഗിച്ചാലുള്ള ഗുണങ്ങളും ശരിയായ രീതിയില്‍ എങ്ങനെ ഹെല്‍മെറ്റ് ഉപയോഗിക്കാമെന്നും കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇരുചക്ര വാഹനങ്ങളില്‍ അപകടത്തില്‍പ്പെടുന്നവര്‍ പലപ്പോഴും മരണപ്പെടുന്നത് ഹെല്‍മെറ്റ് വയ്ക്കാതെ തലയ്ക്കു ക്ഷതമേല്ക്കുന്നതു കൊണ്ടാണ്. ചിലര്‍ ഹെല്‍മെറ്റ് ശരിയായ രീതിയില്‍ വയ്ക്കാത്തതിനാല്‍ അപകടത്തിന്റെ ആഘാതത്തില്‍ പലപ്പോഴും ഹെല്‍മെറ്റ് ഊറി തെറിക്കുന്നു. ഇത് മരണത്തിന് കാരണമാകാറുണ്ട്. ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ ചിന് സ്ട്രാപ്പ് ശരിയായ രീതിയില്‍ താടിയെല്ലിന്റെ അടിയിലായി മുറുക്കി കെട്ടുക.