തിരുവനന്തപുരം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അമ്പൂരി രാഖി കൊലക്കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാവാതെ പോലീസ് സംഘം മടങ്ങി. അഖിലുമായി എത്തിയ പോലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞു. സംഭവത്തില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നും അവരെക്കൂടി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ജനക്കൂട്ടം അക്രമാസക്തരാവുകയായിരുന്നു.
തെളിവെടുപ്പിനായി മുഖ്യപ്രതി അഖിലുമായി എത്തിയ പോലീസിനെ നാട്ടുകാര്‍ ചേര്‍ന്ന് തടയുകയായിരുന്നു. തുടര്‍ന്ന് അഖിലിന്റെ മാതാപിതാക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും അവരെയും അറസ്റ്റ് ചെയ്തതിന് ശേഷം മാത്രം മതി തെളിവെടുപ്പെന്നും പറഞ്ഞ് ജനക്കൂട്ടം കൂവി വിളിച്ചും കല്ലെറിഞ്ഞും അക്രമാസക്തരായി. പോലീസ് വാഹനം തടഞ്ഞുവക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയപ്പോള്‍ നാട്ടുകാരെ പോലീസ് ലാത്തിവീശി ഓടിക്കാന്‍ ശ്രമിച്ചു.
സംഘര്‍ഷത്തിനിടയിലും വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ രാഖിയെ കൊന്ന് കുഴിച്ചുമൂടിയ പുതിയ വീട്ടിലും സമീപത്തുമെല്ലാം അഖിലുമായി എത്തി തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയും ആസൂത്രിത നീക്കവും എല്ലാം ആരോപിച്ച് അഖിലിന്റെ മാതാപിതാക്കളെക്കൂടി പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിഷേധം പിന്നീട് ശക്തമായി.
എത്ര നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ ഒടുവില്‍ തെളിവെടുപ്പ് മതിയാക്കി അഖിലുമായി പോലീസ് സംഘം മടങ്ങുകയായിരുന്നു. രാഖിയെ കഴുത്ത് മുറുക്കി കൊല്ലാനുപയോഗിച്ച കയറും ഇവിടെ നിന്നും കണ്ടെടുക്കാനായില്ല.