പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ പട്ടാപ്പകല്‍ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ നിന്ന് നാലരക്കിലോയിലധികം സ്വര്‍ണ്ണവും 13 ലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ ഓടി രക്ഷപ്പെട്ട പ്രതിയും പിടിയില്‍. നിധിന് ജാദവ് ആണ് ഒടുവില്‍ പിടിയിലായത്. ഇതോടെ, കവര്‍ച്ചാ കേസില്‍ നേരിട്ട് ബന്ധമുള്ള എല്ലാവരും പിടിയിലായി എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണവും പണവും വീണ്ടെടുത്തു.
സേലത്ത് വാഹന പരിശോധനക്കിടെ ഇന്ന് രാവിലെ നാല് പേരെ പോലീസ് പിടികൂടിയിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന നിധിന് സ്വര്‍ണ്ണവും പണവുമായി ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരാണ് ഓടി രക്ഷപ്പെട്ട ആളെക്കുറിച്ചുള്ള വിവരം പോലീസിന് നല്‍കിയത്. തുടര്‍ന്ന് സേലം പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
അഞ്ച് പ്രതികളും ഇപ്പോള്‍ സേലം പോലീസിന്റെ കസ്റ്റഡിയിലാണ്. അതേസമയം, മോഷണത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന ജ്വല്ലറി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പട്ടേലിനെ പോലീസ് ഞായറാഴ്ച തന്നെ പിടികൂടിയിരുന്നു. രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ ജ്വല്ലറിയില്‍ ജോലിക്ക് കയറിയത്. മഹാരാഷ്ട്ര സ്വദേശികളാണ് പിടിയിലായവരെല്ലാം.
നഗരത്തിലെ മുത്താരമ്മന്‍ കോവിലിന് സമീപമുള്ള കൃഷ്ണ ജ്വല്ലേഴ്സില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മോഷണം നടന്നത്. നാല് കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. ജ്വല്ലറിയിലെ സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്കും സംഘം കൊണ്ട് പോയിരുന്നു. കവര്‍ച്ചക്കിടെ ഒരു ജീവനക്കാരന് പരുക്കേറ്റിരുന്നു. മഹാരാഷ്ട്രാ സ്വദേശിയായ സുരേഷ് സേട്ട് ആണ് ജ്വല്ലറി ഉടമ.