തിരുവനന്തപുരം: അമ്പൂരിയില്‍ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താനായി പോലീസ് സംഘം ഡല്‍ഹിയിലേക്ക്. കൊലപാതകത്തിന് ശേഷം ഒളിവില്‍ കഴിയുന്ന സൈനികനായ അഖിലിനേയും സഹോദരന് രാഹുലിനേയും കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് സംഘം ഡല്‍ഹിയിലെത്തിയത്. സൈനിക ഉദ്യോഗസ്ഥന്റെ വീട്ടിലാണ് അഖില്‍ ജോലി ചെയ്തിരുന്നതെന്നാണ് പോലീസ് പറയുന്നത്.
പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തിന്റെ നിര്‍മ്മാണം നടക്കുന്ന വീടിന് സമീപത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ജോലിക്ക് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ രാഖിയെ കഴിഞ്ഞ ഒരുമാസമായി കാണാനില്ലായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
ആറ് വര്‍ഷമായി രാഖിയും അഖിലും പ്രണയത്തിലായിരുന്നു എന്നാണ് വിവരം. വിവാഹം കഴിക്കണമെന്ന് രാഖി നിര്‍ബന്ധം പിടിച്ചതോടെയാണ് രാഖിയെ കൊലപ്പെടുത്താന്‍ അഖില്‍ തീരുമാനിച്ചത്. അതിനിടെ അഖില്‍ മറ്റൊരു യുവതിയുമായി അടുപ്പത്തിലായി എന്നും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.