കൊച്ചി: ആലുവ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവെയ്പിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി. കടുങ്ങല്ലൂര്‍ സ്വദേശിയായ സിന്ധു ആണ് മരിച്ചത്. പ്രസവം നിര്‍ത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കാണ് സിന്ധു ആശുപത്രിയില്‍ എത്തിയത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളും രംഗത്തെത്തി. വിദേശത്ത് നഴ്സായ സിന്ധുവും ഭര്‍ത്താവും രണ്ട് കുട്ടികളും അവധിക്ക് നാട്ടില്‍ വന്നതാണ്. പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായ് ഞായറാഴ്ച വൈകിട്ടാണ് 36 കാരിയായ സിന്ധുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ ഓപ്പറേഷന് തീയ്യേറ്ററിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും മകളെ കുറിച്ച് വിവരമറിയാത്തതിനെ തുടര്‍ന്ന് അമ്മ തീയ്യേറ്ററില്‍ കയറിയപ്പോഴാണ് ഗുരുതരാവസ്ഥയിലായ മകളെ കാണുന്നത്. സിന്ധു പൂര്‍ണ്ണമായും അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ ഐസിയു ആബുലന്‍സില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അവിടെ എത്തും മുന്‍പേ തന്നെ സിന്ധു മരണപ്പെട്ടിരുന്നു.
തിയറ്ററിലേക്ക് കൊണ്ടു പോകും മുന്‍പ് തനിക്ക് നല്കിയ മരുന്ന് മാറിയോയെന്ന് സംശയമുണ്ടെന്ന് നഴ്സ് കൂടിയായ സിന്ധു സംശയം പ്രകടിപ്പിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അനസ്തേഷ്യയുടെ ടെസ്റ്റ് ഡോസ് നല്കിയ ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആശുപത്രിക്കെതിരെ വന്‍ പ്രതിലഷേധമാണ് ഇപ്പോള്‍ ഉയരുന്നത്.