ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ റെയില്‍വെ സ്റ്റേഷ്നില് ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ട്രെയിനില്‍ നിന്ന് വീണു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനി അഷ്മ ടി ജോഷി (18)യാണ് വീണത്. വീഴ്ചയില്‍ പ്ലാറ്റ്ഫോമില്‍ ഇടിച്ച് തലയില്‍ പൊട്ടി. എന്നാല്‍ രക്തം കണ്ട ഉടനെ കൂടെയുണ്ടായിരുന്ന കൂട്ടുകാരി കുഴഞ്ഞു വീണു. കണ്ണൂര്‍ സ്വദേശിനി അയിഷയാണ് കുഴഞ്ഞു വീണത്. പ്ലാറ്റ്ഫോമിലേയ്ക്ക് തന്നെയാണ് അയിഷ വീണത്.
പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററില്‍ പരിശീലനം നേടുന്നവരാണ് ഇവര്‍. രാത്രി ഏഴോടെയാണു സംഭവം. ഏറ്റുമാനൂരില്‍ സ്റ്റോപ്പ് ഇല്ലാത്ത ലോകമാന്യ തിലക് കൊച്ചു വേളി ഗരീബ്രഥ് എക്സപ്രസ് വേഗം വളരെ കുറച്ച് പ്ലാറ്റ്ഫോമിലൂടെ കടന്നു പോകുന്നതിനിടെ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇരുവരേയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഷ്മയുടെ തലയ്ക്ക് പരിക്കുണ്ട്. അയിഷ സുഖംപ്രാപിച്ച് വരികയാണ്.