തിരുവനന്തപുരം: തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസില്‍ പിടിയിലായ ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചതായി കണ്‍ഡോണ്‍മെന്റ് പോലീസ് പറഞ്ഞു.
പെട്ടെന്നുണ്ടായ പ്രകോപനമാണ് യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായ ശിവരഞ്ജിത്തിനിന്റേയും നസീമിന്റേയും മൊഴി. ഇരുവരും ആക്രമണം ആസൂത്രിതമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ആക്രമിക്കുകയായിരുന്നുവെന്നുമാണ് പ്രതികള്‍ പറഞ്ഞത്.
യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതികളായ ഇരുവരും പുലര്‍ച്ചെയാണ് പോലീസ് പിടിയിലായത്.
അതേസമയം, തന്നെ കുത്തിയത് ശിവരജ്ഞിത്താണെന്ന് അഖില്‍ പറഞ്ഞിരുന്നു. ആക്രമണത്തിന് കോളേജിന് പുറത്തുനിന്നുള്ളവരേയും എത്തിച്ചിരുന്നെന്നും ആക്രമിക്കാനായി മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നെന്നുമായിരുന്നു അഖിലിന്റെ മൊഴി.
ഇന്നലെ വൈകിട്ട് ശിവരഞ്ജിത്തിന്റേയും നസീമിന്റേയും വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സീലുകള്‍ പതിപ്പിക്കാത്ത യൂണിവേഴ്സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.