തൃശ്ശൂര്‍: ചിക്കന്‍ ബിരിയാണിയും മൂന്നു ചപ്പാത്തിയും കോഴിക്കറിയും അടങ്ങുന്ന ലഞ്ചിന് ഇനി 127 രൂപ മാത്രം. കേട്ടിട്ട് അത്ഭുതം തോന്നേണ്ട. തൃശ്ശൂര്‍ വിയ്യൂര്‍ ജയിലാണ് കുറഞ്ഞ വിലയ്ക്ക് കോംബോ ലഞ്ച് വിതരണത്തിന് ഒരുങ്ങുന്നത്. ഇതിനൊപ്പം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയും ആരംഭിക്കും.
300 ഗ്രാം ബിരിയാണി റൈസ്, റോസ്റ്റഡ് ചിക്കന്‍ ലെഗ് പീസ്, മൂന്ന് ചപ്പാത്തി, ചിക്കന്‍ കറി, മിനറല്‍ വാട്ടര്‍, കപ്കേക്ക്, സലാഡും അച്ചാറും എന്നിവയാണ് 127 രൂപയുടെ പാക്കില്‍ ഉണ്ടാവുക. ഇനി വെള്ളം വേണ്ടെങ്കില്‍ 117 രൂപ നല്കിയാല് മതിയാവും.കുറഞ്ഞ വിലയ്ക്ക് കോംബോ ലഞ്ച് വിതരണത്തിന് ഒരുങ്ങുന്നതിനൊപ്പം ജയിലില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയും ആരംഭിക്കും.
‘ഫ്രീഡം കോംപോ ലഞ്ച്’ എന്ന പേരില്‍ ഈ മാസം 11മുതലാണ് ഓണ്‍ലൈന്‍ വിതരണം. ആവശ്യക്കാര്‍ ഓണ്‍ലൈന്‍ വഴി ആഹാരം ഓര്‍ഡര്‍ ചെയ്താല്‍ ജയിലിന്റെ ആറു കിലോമീറ്റര്‍ ചുറ്റളവിലെങ്കില് 10 മിനിട്ടിനുള്ളില്‍ എത്തിക്കും. സ്വിഗിയുമായി സഹകരിച്ചാണ് ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്നത്. പ്രത്യേക ടിന്നുകളില്‍ പാക്ക് ചെയ്യുന്ന ഭക്ഷണം പേപ്പര്‍ ബാഗിലാണ് ലഭിക്കുക.