തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കും. എട്ടുമുതല്‍ പത്തുശതമാനംവരെ വര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന് തീരുമാനിച്ചിട്ടുള്ളത്. മാസങ്ങള്‍ക്കുമുമ്പുതന്നെ നിരക്കുവര്‍ധന തീരുമാനിച്ചെങ്കിലും തെരഞ്ഞെടുപ്പും നിയമസഭാ സമ്മേളനവും കാരണം പ്രഖ്യാപനം നീട്ടി.
നേരത്തേ നിശ്ചയിച്ചതില്‍ തിരുത്തലുകള്‍ വരുത്താനും സര്‍ക്കാര്‍ കമ്മിഷന് നിര്‍ദേശം നല്കി. കുറഞ്ഞതോതില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ വര്‍ധന വരാത്തവിധമാകും മാറ്റം. രണ്ടുവര്‍ഷത്തേക്ക് ഒരുമിച്ച് നിരക്ക് പരിഷ്കരിക്കാനാണ് കമ്മിഷന് ആദ്യം തീരുമാനിച്ചത്. ഇതനുസരിച്ചാണ് ബോര്‍ഡ് അപേക്ഷ നല്‍കിയത്. എന്നാല്‍, ഒരുവര്‍ഷത്തേക്കു മാത്രമുള്ള നിരക്കുവര്‍ധനയേ ഇപ്പോള്‍ പ്രഖ്യാപിക്കൂ.
വീടുകളിലെ ഉപയോഗത്തിന് യൂണിറ്റിന് 70 പൈസവരെ കൂട്ടാനാണ് ബോര്‍ഡ് അപേക്ഷിച്ചത്. താഴെത്തട്ടിലെ സ്ലാബുകളിലാണ് ബോര്‍ഡ് കൂടുതല്‍ വര്‍ധന ആവശ്യപ്പെട്ടത്. ഈ വര്‍ഷം 1100 കോടിരൂപയാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. 7400 കോടിരൂപയാണ് ഇപ്പോള്‍ ബോര്‍ഡിന്റെ ആകെ കടം. എന്നാല്‍, ഇത്രയും തുക കമ്മിഷന് അനുവദിക്കില്ല.
അതേസമയം, സംസ്ഥാനത്ത് പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനാല്‍ നിരക്കുവര്‍ധനയ്ക്കു പിന്നാലെ ലോഡ് ഷെഡിങ്ങിനും സാധ്യതയുണ്ട്. 15-ന് ബോര്‍ഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യും.