കടുത്തുരുത്തി: സാമൂഹികവിരുദ്ധര്‍ കുളത്തിന്റെ വാല്‍വ് തുറന്ന് വിട്ടതിനെ തുടര്‍ന്ന് ചത്ത് പൊങ്ങിയത് എണ്ണായിരത്തോളം മത്സ്യങ്ങള്‍. ഇരവിമംഗലം കൊച്ചുപറമ്പില്‍ ജോസി(സൈജു)ന്റെ വീട്ടിലെ മീന്‍കുളത്തിലെ മീനുകളാണ് കൂട്ടത്തോടെ ചത്തു പൊങ്ങിയത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രവാസിമലയാളികൂടിയായ ജോസ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് സംഭവം. രാത്രി 8-30ഓടെ അക്വാപോണിക് ഫിഷ് ഫാമിന്റെ വാല്‍വ് പൂട്ടി വീട്ടിലേക്ക് പോയ സൈജു അടുത്ത ദിവസം ഫാമിലെത്തിയപ്പോള്‍ കണ്ടത് മത്സ്യങ്ങള്‍ ചത്തു കിടക്കുന്നതാണ്. തുടര്‍ന്നു പരിശോധിച്ചപ്പോഴാണ്, തലേദിവസം അടച്ച വാല്‍വ് പൂര്‍ണമായും തുറന്നുവെച്ചിരിക്കുന്നതു കണ്ടത്.
സാമൂഹികവിരുദ്ധര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് സൈജു പറയുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലായിരുന്നു. സംഭവത്തില്‍ പരാതിയുമായി സൈജു പോലീസിനെ സമീപിച്ചു. വിവരമറിഞ്ഞ് കടുത്തുരുത്തി എസ്എച്ച്ഒ പികെ ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ പോലീസും ഫിഷറീസ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് അധികൃതരും വാര്‍ഡംഗവും വീട്ടിലെത്തി.
പിന്നീട് ആരോഗ്യവകുപ്പ് പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കിയശേഷം ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് ചത്ത മീനുകളെ അതിലിട്ട് മൂടി. അഞ്ചുലക്ഷം രൂപയോളം ചെലവിട്ടാണ് സൈജു മീന്‍ വളര്‍ത്തല്‍ ആരംഭിച്ചത്. ഏതാനും ദിവസം മുമ്പാണ് മീനുകളെ വിറ്റുതുടങ്ങിയത്. ദിവസം 70 കിലോ മത്സ്യംവരെ വിറ്റിരുന്നു. കിലോയ്ക്ക് 250 രൂപയ്ക്കായിരുന്നു വില്പന.