കൊടുങ്ങല്ലൂര്‍: ടിക് ടോക്കിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ തൃശ്ശൂര്‍ പെരിങ്ങാവ് സ്വദേശി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സിഐ പികെ പദ്മരാജന്റെ നേതൃത്വത്തിലാണ് അഖിലി(23)നെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്.
കുട്ടിയെ തിങ്കളാഴ്ച കുന്നംകുളത്തു നിന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ പെണ്‍കുട്ടിയെ ചോദ്യംചെയ്തപ്പോഴാണ് അഖില്‍ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞത്. ടിക് ടോക്ക് വഴി പരിചയപ്പെട്ട ഇയാള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തൃശ്ശൂരിലേക്ക് വരുത്തുകയായിരുന്നു.
ഇയാള്‍ ബൈക്കില്‍ പെണ്‍കുട്ടിയുമായി പല ഭാഗങ്ങളിലും കറങ്ങുകയും വൈകീട്ട് ഇയാളുടെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിക്കുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ അഖില്‍ ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് മുങ്ങി.
പെണ്‍കുട്ടിയില്‍നിന്ന് ലഭിച്ച ചില സൂചനകളുടെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഖില്‍ പല സ്ഥലങ്ങളിലും ഇത്തരത്തില്‍ സൗഹൃദം നടിച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.