ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ഉടന്‍ ഇടപെടില്ലെന്ന് സൂചന നല്കി കേന്ദ്ര സര്‍ക്കാര്‍. ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ ഉടന്‍ നിയമ നിര്മ്മാണമില്ലെന്നും, ഇക്കാര്യം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നു കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ലോക്സഭയിലാണ് രവിശങ്കര്‍ പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമോയെന്ന, കോണ്‍ഗ്രസ് അംഗങ്ങളായ ആന്റോ ആന്റണിയുടെയും ശശി തരൂരിന്റെയും ചോദ്യങ്ങള്‍ക്കു മറുപടിയായാണ് വിഷയം സുപ്രീം കോടതിയുടെ പരിഗണിയിലാണെന്ന് രവിശങ്കര്‍ പ്രസാദ് സഭയെ അറിയിച്ചത്.
കഴിഞ്ഞ ദിവസം ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി റാം മാധവും വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കില്ല എന്ന് പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഇപ്പോള്‍ ഇടപെടില്ല എന്നാണ് റാം മാധവ് പറഞ്ഞത്.
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നാണ് തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ ബിജെപി പ്രഖ്യാപിച്ചിരുന്നത്.പ്രശ്നപരിഹാരത്തിനു നിയമപരമായ മാര്‍ഗങ്ങള്‍ തേടുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.