മലപ്പുറം: ചൂടുള്ള ഭക്ഷണസാധനങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ നല്കുന്ന കച്ചവടക്കാര്‍ക്കെതിരെ നടപടിയുമായി മലപ്പുറത്ത് ഭക്ഷ്യസുരക്ഷാവകുപ്പ്. ഇത്തരത്തില്‍ ചൂടുള്ള ആഹാരസാധനങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരുലക്ഷം രൂപ വരെ പിഴയീടാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് അധികാരമുണ്ടെന്ന് അസി.കമ്മിഷണര്‍ പികെ ജനാര്ദ്ദനന് പറഞ്ഞു.
ചൂടുള്ള ഭക്ഷ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലിടുമ്പോള് കവറ് ചൂടായി ഡയോക്സിന്‍ എന്ന രാസവസ്തു ഉണ്ടാകും. ഇത് അര്‍ബുദരോഗത്തിന് കാരണമാകും. അതിനാലാണ് ഈ രീതി കച്ചവടക്കാര്‍ ഒഴിവാക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ പറയുന്നത്. പ്ലാസ്റ്റിക്കിനുപകരം അലുമിനിയം ചുരുള്‍ ഉപയോഗിക്കുന്നതാണ് ഉത്തമമെന്നും വ്യക്തമാക്കുന്നു.
മുന്നറിയിപ്പ് അവഗണിച്ച് പ്ലാസ്റ്റിക് കവറുകളിലും പാത്രങ്ങളിലും ചൂടുള്ള ഭക്ഷണം വിളമ്പുന്ന കച്ചവടക്കാരെ പിടികൂടാന്‍ വകുപ്പിന്റെ രാത്രി സ്ക്വാഡ് ഉടന്‍ രംഗത്തിറങ്ങും. പിടികൂടിയാല്‍ നടപടിയെടുക്കും.
തട്ടുകടകള്‍, ആശുപത്രി കാന്റീനുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് കൂടുതലും ചൂടുള്ള ഭക്ഷണസാധനങ്ങള്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ നല്‍കുന്നത്.