എറണാകുളം: എറണാകുളത്ത് എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതിയെ വാട്ടര്‍ ടാങ്കില്‍ നിന്നും പോലീസ് പൊക്കി. എറണാകുളം ഞാറയ്ക്കലിലാണ് സംഭവം. വൈപ്പിന്‍ സ്വദേശി ആദര്‍ശിനെയാണ് പോലീസ് വാട്ടര്‍ടാങ്കില്‍ നിന്നും പിടികൂടിയത്.
ഞാറയ്ക്കലിലെ സ്കൂള്‍മുറ്റം എസ്ബിഐ എടിഎമ്മില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആദര്‍ശ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. കോടാലി കൊണ്ട് കൗണ്ടര്‍ വെട്ടിപൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ അപായ സൂചന ബാങ്കിന്റെ കണ്ട്രോള് റൂമില്‍ ലഭിച്ചു. ബാങ്ക് അധികൃതര്‍ ഉടന്‍ തന്നെ വിവരം പോലീസിന് കൈമാറി.
ഉടന്‍ തന്നെ ഞാറയ്ക്കല്‍ പോലീസിന്റെ പട്രോളിംഗ് സംഘം സ്ഥലത്തെത്തിയതോടെ പ്രതി കവര്‍ച്ച ശ്രമം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് പ്രദേശത്ത് ഏറെ നേരം നടത്തിയ തെരച്ചിലിനൊടുവിലാണ് സമീപത്തെ വീടിന് മുകളില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്കിലെ വെള്ളത്തില്‍ ഇറങ്ങി നിന്ന നിലയില്‍ ആദര്‍ശിനെ പോലീസ് കണ്ടെത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.