തിരുവനന്തപുരം: മാലപൊട്ടിക്കാനെത്തിയ യുവാവിനെ കുപ്പികൊണ്ട് തലയ്ക്കടിച്ച് ഓടിച്ച് വീട്ടമ്മ. പൊഴിയൂരിലെ വിരാലി പഞ്ചായത്തിന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. പഞ്ചായത്തിന് മുന്പില് കട നടത്തുന്ന വീട്ടമ്മയായ ഡാഫിനി അമ്മയാണ് ബൈക്കിലെത്തിയ മോഷ്ടാക്കളെ സധൈര്യം നേരിട്ടത്.
അതിരാവിലെ കടയിലെത്തിയ രണ്ടുപേര്‍ കുപ്പിവെള്ളം ആവശ്യപ്പെട്ടു. ഒരു കുപ്പി വെള്ളം വാങ്ങിയ ശേഷം നൂറ് രൂപയാണ് യുവാവ് നല്‍കിയത്. ബാക്കി തുക കൊടുക്കാനായി ഡാഫിനി തിരിയുന്നതിന് ഇടയിലാണ് മാലപൊട്ടിക്കാനുള്ള ശ്രമ നടന്നത്.
ബൈക്കിലെത്തിയവരില്‍ ഒരാള്‍ വീട്ടമ്മയുടെ മാലപൊട്ടിച്ചു, എന്നാല്‍ മാല യുവാക്കളുടെ കൈയ്യില്‍ കിട്ടിയില്ല. മാല പൊട്ടി നിലത്ത് വീണ് കിടക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിക്കാത്ത സംഭവത്തില്‍ വീട്ടമ്മ പതറിയില്ല. കുപ്പി കൊണ്ട് മോഷ്ടാക്കളില്‍ ഒരാളുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇതിന് പിന്നാലെ നിലത്ത് വീണ മാല വീട്ടമ്മ തന്നെ തട്ടിമാറ്റുകയും ചെയ്തു.
ഇതോടെ യുവാവ് സുഹൃത്ത് സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയ ബൈക്കില്‍ കയറി രക്ഷപെടുകയായിരുന്നു. മാല നഷ്ടപ്പെടാത്തതിനാല്‍ സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൊഴിയൂര്‍ പോലീസ് വ്യക്തമാക്കി. സ്ഥലത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്നുണ്ട്. സംഭവം അന്വേഷിക്കുന്നുണ്ടെന്നും പോലീസ് വിശദമാക്കി.