തിരുവനന്തപുരം: വോട്ടെണ്ണലിന് മുന്നോടിയായി സംസ്ഥാനത്ത് രണ്ടുദിവസം മദ്യനിരോധനം. 21 ചൊവ്വാഴ്ച വൈകിട്ട് ആറിന് അടയ്ക്കുന്ന ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും 23 വ്യാഴാഴ്ച വോട്ടെണ്ണല്‍ അവസാനിച്ച ശേഷമാകും തുറക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് രണ്ടു ദിവസങ്ങളില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വ്യാഴാഴ്ച നടക്കുന്ന വോട്ടെണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായി കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.
പ്രശ്നബാധിതപ്രദേശങ്ങളില്‍ അധികമായി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ സ്പെഷ്യല്‍ യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും ആവശ്യമുള്ള പക്ഷം ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാണ്.
22,640 പോലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ദിവസം ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിരിക്കുന്നത്. ഇവരില്‍ 111 ഡിവൈഎസ്പിമാരും 395 ഇന്‍സ്പെക്ടര്‍മാരും 2632 എസ്ഐ/എഎസ്ഐമാരും ഉള്‍പ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 പോലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.