തിരുവനന്തപുരം: കാസര്‍കോട് കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോളിങ് സാധ്യതയെ സ്വാഗതം ചെയ്ത് മന്ത്രി ഇപി ജയരാജന്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം എന്താണെങ്കിലും സ്വാഗതം ചെയ്യുമെന്ന് ഇപി ജയരാജന് വ്യക്തമാക്കി.
കാസര്‍കോട് കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടത്താനുള്ള സാധ്യതയുള്ളത്. ഇന്ന് ഉച്ചയോടെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പുറത്തു വരും എന്നാണ് സൂചന.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19 ഞായറാഴ്ച തന്നെ റീപോളിംഗ് നടന്നേക്കും എന്നാണ് സൂചന. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിങ് നടക്കുന്നത്.
കല്ല്യാശ്ശേരി പില്ലാത്തറ യുപി സ്കൂളിലെ ബൂത്ത്, പുതിയങ്ങാടി ജുമാ മസ്ജിദിലെ 69,70 നമ്പര്‍ ബൂത്തുകള്‍, തൃക്കരിപ്പൂര്‍ പുതിയറയിലെ 48-ാം നമ്പര്‍ ബൂത്ത് എന്നീ നാല് ബൂത്തുകളിലാവും റീപോളിംഗ് നടക്കാന്‍ സാധ്യത.
കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് ബൂത്തുകളെങ്കിലും ഇവ സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ ജില്ലയിലാണ്. അതിനാല്‍ വരണാധികാരിയായ കണ്ണൂര്‍ ജില്ലാ കളക്ടറാണ് ഇവിടെ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കുന്നത്.
കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് വിവാദത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസാണ്. കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യുപി സ്കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പിന്നാലെ ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വന്നു. ഇതുവരെ 17 പേര് കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര് ലീഗുകാരാണ്. 4 പേര് സിപിഎമ്മുകാരും.