പത്തനംതിട്ട: എടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച തുറക്കും. മകരവിളക്കുകാലത്തിന് ശേഷം നടതുറന്നിരുന്നെങ്കിലും യുവതികള്‍ ആരും പ്രവേശിച്ചിരുന്നില്ല. എന്നാല്‍ എടവമാസ പൂജകള്‍ക്കായി വീണ്ടും നടതുറക്കുമ്പോള്‍ യുവതീ പ്രവേശനം സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ ആരും വരാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
മകരവിളക്കുകാലത്തിനുശേഷം ക്ഷേത്രനട വിവിധ സമയങ്ങളിലായി 30 ദിവസം തുറന്നിരുന്നെങ്കിലും യുവതികളാരും പ്രവേശനത്തിനെത്തുകയോ സംരക്ഷണംതേടി പോലീസിനെയോ ജില്ലാ ഭരണകൂടത്തെയോ സമീപിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ എടവമാസ പൂജയ്ക്കായി നടതുറക്കുമ്പോള്‍ ആചാരലംഘനം വീണ്ടുമുണ്ടാകുമെന്ന പ്രതീക്ഷയില്‍ സ്ത്രീകളെ തടയാന്‍ ശബരിമല കര്മസമിതിയുള്പ്പെടെയുള്ളവരും തയ്യാറാകുന്നതായാണ് വിവരം.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചിലരുടെ പിന്തുണയോടെ സ്ത്രീകള്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘപരിവാര്‍ സംഘടനകള്‍ ആചാരസംരക്ഷണത്തിനായി മുമ്പത്തേതുപോലെ ശബരിമലയിലെത്താന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ സ്ത്രീ പ്രവേശനമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
പക്ഷേ ചില ആക്ടിവിസ്റ്റ് സംഘടനകളുടെ നേതൃത്വത്തില്‍ യുവതികളെ എത്തിച്ചേക്കുമെന്ന വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍വഴി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ തന്നെയാണ് പോലീസിന്റെ തീരുമാനം.