പാലക്കാട്: ഇടയ്ക്കിടെ വൈദ്യുതി തടസ്സമുണ്ടാവുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ട്. ഇതിന് പരിഹാരമായി വൈദ്യുതി തടസ്സം പൂര്‍ണമായും ഒഴിവാക്കാന്‍ വേണ്ടി പുതിയ സംവിധാനവുമായി എത്തുകയാണ് വൈദ്യുതിബോര്‍ഡ്. രണ്ടുസ്രോതസ്സുകളില്‍ നിന്നായി നഗര-ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കാനുള്ള സംവിധാനമാണ് പുതുതായി ഏര്‍പ്പെടുത്തുക.
ഊര്‍ജ കേരള മിഷന്റെ ‘ദ്യുതി 2021’ വഴിയാണ് ഈ സംവിധാനം നടപ്പാക്കുന്നത്. ഒരു ഫീഡറില്‍നിന്ന് തടസ്സമുണ്ടായാല്‍ മറ്റൊരു ഫീഡറില്‍നിന്ന് വൈദ്യുതിയെത്തിക്കുന്ന സംവിധാനമാണിത്. 2021ഓടെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ഇതിനായി വിതരണമേഖലയില്‍ 7626 പ്രവൃത്തികള്‍ക്ക് 4035.57 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.
പുതിയ ഹൈടെന്‍ഷന്‍ ലൈനുകള്‍ നിര്‍മ്മിക്കുക, ലോഡ് സെന്ററുകളില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുക, ശേഷികുറഞ്ഞ ലൈനുകള്‍ മാറ്റുക എന്നിവയാണ് പദ്ധതിയിലുള്ളത്. പദ്ധതി നടപ്പാകുന്നതോടെ വലിയ പ്രശ്നത്തിനാണ് വൈദ്യുതി ബോര്‍ഡ് പരിഹാരം കണ്ടെത്തുക.